Connect with us

National

സിയാച്ചിന്‍: അപകടം ഒളിപ്പിച്ചുവെച്ച ദുരന്ത മുനമ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: പാകിസ്ഥാനുമായും, ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന സിയാച്ചിന്‍ എന്ന രാജ്യാതിര്‍ത്തി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പ്രതികൂല കാലവസ്ഥയിലുള്ള യുദ്ധഭൂമിയാണ്. സാള്‍ട്ടാറോ മലനിരകളുടെ താഴ്‌വാരത്തെ അതിസാഹസിക മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശത്തെ സൈനികത്താവളം ഇന്ത്യയുടെതാണെന്ന അഭിമാനത്തോടൊപ്പം ഏറ്റവും ഉയര്‍ന്നതും, അപകടകരവും സംരക്ഷണ ചെലവ് ഏറിയതുമായ അപകടം ഒളിപ്പിച്ചുവെച്ച ദുരന്ത മുനമ്പ് കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 20,500 അടി വരെ ഉയരത്തില്‍ ഇവിടെ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ ഇവിടെ ശത്രുക്കളെക്കാള്‍ മോശം കാലാവസ്ഥയോടാണ് പോരാടുന്നത്.
ശത്രുക്കളെക്കാള്‍ കൊടുംതണുപ്പാണ് നാളിതുവരെ ഇവിടെ മരിച്ചുവീണ സൈനികരുടെ ജീവന്‍ കവര്‍ന്നെടുത്തത്. പകല്‍ സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയില്‍ ശരാശരി മൈനസ് 55 ഡിഗ്രി വരെ താഴും. ഇത് മൈനസ് 70 വരെ താഴാം. അന്തരീക്ഷ മര്‍ദം വളരെ കുറവുള്ള ഇവിടെ ശ്വസിക്കാന്‍ തന്നെ വളരെ പ്രയാസകരമാണ്. മറ്റുള്ള സ്ഥലങ്ങളിലെ ഒക്‌സിജന്‍ അളവിന്റെ 10 ശതമാനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഒപ്പം മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള മഞ്ഞുകാറ്റില്‍ പിടിച്ചു നില്‍ക്കുക അസാധ്യമാണ്. ശ്വാസകോശത്തേയും തലച്ചോറിനെയും ബാധിക്കുന്ന ഹൈ ആള്‍ട്ടിട്ട്യൂഡ് പള്‍മൊണറി ഒഡിമ ബാധിക്കാന്‍ ഏറ്റവും സാധ്യത കൂടിയ ഇവിടെ ഹിമ ദംശനവും (ഫ്രോസ്റ്റ് ബൈറ്റ്) പതിവാണ്. മഞ്ഞ് തട്ടുന്ന ശരീരഭാഗം മുറിയുകയും ഇത് മരണത്തിലേക്ക് നയിക്കുന്നതും ചെയ്യും. മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ടുപോയ ഗയപ്രസാദെന്ന സൈനികന്റെ മൃതദേഹം 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്തതും സിയാച്ചിനില്‍ നിന്നാണ്.
ഇവിടെ ചുമതലയുള്ള സൈനികരിലധികും പേര്‍ക്കും പിന്നീട് വീണ്ടെടുക്കാനാകാത്ത വിധം മനോനില തെറ്റുന്നതും പതിവാണ്. ഹിമദംശനമേറ്റ് കൈകാല്‍ വിരലുകളും മറ്റും മുറിച്ചുനീക്കേണ്ടി വന്ന ഒട്ടേറെ സൈനികരുണ്ട്. ഇവരിലധികവും സദാ തളര്‍ച്ച ബാധിച്ചവരാണ്. ഉറക്കും, വിശപ്പും ഇല്ലാതാകുന്നതോടൊപ്പം ഓര്‍മയും സംസാരശേഷിയും നശിക്കും. മഞ്ഞുവീഴ്ചക്കാലത്ത് ശരാശരി 36 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകുന്ന സിയാച്ചിനില്‍ മഞ്ഞ് അപ്പപ്പോള്‍ നീക്കം ചെയ്തില്ലെങ്കില്‍ തന്നെ സൈനിക പോസ്റ്റുകള്‍ മഞ്ഞുമൂടിപ്പോകും. ഇതൊടൊപ്പം ഹിമപാതവും കൂടിയാകുമ്പോള്‍ ദുരിതമേറും. ഓറഞ്ചുപോലും സെക്കന്‍ഡുകള്‍കൊണ്ട് ഉറഞ്ഞുപോകുന്ന തണുപ്പില്‍ ടിന്‍ ഫുഡ് മാത്രം ഭക്ഷിച്ചാണ് സൈനികര്‍ കഴിച്ചുകൂട്ടുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest