Connect with us

International

രാജ്യത്തെ ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്‌

ഇസ്‌ലാമാബാദ്: രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ശക്തികള്‍ പണം നല്‍കി സഹായിക്കുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്. വിദേശ രഹസ്യന്വേഷണ ഏജന്‍സികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്തുനിന്നുള്ള പണം ഭീകരവാദികള്‍ക്ക് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വഴി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശത്രുക്കള്‍ മെനയുന്ന എല്ലാ തന്ത്രങ്ങളും പരാജയപ്പെടുത്തും. അതോടൊപ്പം രാജ്യത്ത് നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുകയും ചെയ്യും. മേഖലയിലെയും ആഗോളതലത്തിലെയും ചില ശക്തികള്‍ ബലൂചിസ്ഥാനില്‍ സംഘട്ടനം ഉണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ പാക് സൈന്യം നടത്തിയ മുന്നേറ്റങ്ങളെല്ലാം വിജയമായിരുന്നു. പക്ഷേ ഭീകരര്‍ക്കെതിരെയുള്ള യുദ്ധം അത്ര എളുപ്പമല്ല. ശക്തമായ ഐക്യവും പ്രതികരണവും ഇതിന് അനിവാര്യമാണ്. ഭീകരപ്രവൃത്തികള്‍ മൂലം അസ്ഥിരമായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്ന വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ മാസം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിദേശ ഫണ്ടുകള്‍ രാജ്യത്തെ ഭീകരവാദികള്‍ക്ക് എത്തുന്നുണ്ടെന്ന കാര്യം റഹീല്‍ ഓര്‍മപ്പെടുത്തുന്നത്. പ്രധാനമന്ത്രി നവാസ് ശരീഫുമായുള്ള കൂടിക്കാഴ്ചക്കിടെ, വിദേശ ചാരന്‍മാര്‍ രാജ്യത്തെ ഭീകരതക്ക് ആക്കം കൂട്ടുന്നതില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യ ഭീകരരുടെ മേഖലയായാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പാക് സൈന്യം കഴിഞ്ഞ കുറച്ചുമാസങ്ങളായി ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന് പ്രതികാരമായി, ഇതിനകം പാക് സൈന്യത്തെയും പോലീസിനെയും ലക്ഷ്യമാക്കി നിരവധി തീവ്രവാദി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്തുവന്നാലും ഭീകരവാദികള്‍ക്കെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍.

Latest