Connect with us

National

ഇനി മുതല്‍ ദത്തെടുക്കുന്നവര്‍ക്കും മാതൃത്വ അവധി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രസവാവധി മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസമാക്കി വര്‍ധിപ്പിക്കാനും മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും വാടക ഗര്‍ഭ ധാരണം വഴി അമ്മമാരാകുന്നവര്‍ക്കും നാല് മാസം ശമ്പളത്തോട് കൂടിയുള്ള മാതൃത്വ അവധി നല്‍കാനുമുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത് പ്രകാരമുള്ള ഭേദഗതികളോടെ 1961 ലെ മാതൃത്വ ആനുകൂല്യ ചട്ടം ഉടന്‍ മന്ത്രിസഭക്ക് മുന്നിലെത്തും.
50ലധികം ജോലിക്കാരുള്ള സ്ഥാപന പരിസരങ്ങളില്‍ ശിശു പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഭേദഗതികളിലുണ്ട്.
മൂന്ന് മാസം പ്രായമായ കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്ക് 16 ആഴ്ചത്തേക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കും. വാടക ഗര്‍ഭധാരണം വഴി അമ്മമാരാകുന്ന സ്ത്രീകള്‍ക്കും കുട്ടികളെ ഏറ്റെടുത്തത് മുതല്‍ 16 ആഴ്ചത്തേക്ക് അവധി ലഭിക്കും. കുട്ടികളെ പരിപാലിക്കാനും ആരോഗ്യത്തോടെ ജോലിയിലേക്ക് തിരിച്ചെത്താനും സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കന്നതിനായാണ് ഈ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സര്‍ക്കാറിന്റെ ഈ നീക്കത്തെ വനിതാ തൊഴിലാളി യൂനിയനുകള്‍ സ്വാഗതം ചെയ്തു. ഈ ആനുകൂല്യം അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ലഭ്യമാക്കണമെന്നും വനിതാ യൂനിയനുകള്‍ ആവശ്യപ്പെട്ടു.
പ്രസവാവധി ആറ് മാസത്തില്‍ നിന്ന് എട്ട് മാസമാക്കി വര്‍ധിപ്പിക്കണമെന്ന് നേരത്തെ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറ് മാസത്തെ മാതൃത്വ അവധി നല്‍കുന്നുണ്ട്.

Latest