Connect with us

Sports

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ-വിന്‍ഡീസ് ഫൈനല്‍

Published

|

Last Updated

മിര്‍പുര്‍: ഐസിസി ചാമ്പ്യന്‍ഷിപ്പില്‍ കന്നി ഫൈനല്‍ എന്ന ബംഗ്ലാദേശ് സ്വപ്നം പൊലിഞ്ഞു. മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റേന്തിയ ബംഗ്ലാദേശ് 50 ഓവറില്‍ 226 റണ്‍സിനു പുറത്തായപ്പോള്‍ വിന്‍ഡീസിന്റെ മറുപടി 48.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണു വിന്‍ഡീസിന്റെ എതിരാളികള്‍.
വിന്‍ഡീസിനു വേണ്ടി കീമോ പോള്‍ മൂന്നും സ്പ്രിംഗര്‍, ചിമാര്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. അര്‍ധ സെഞ്ചുറിയും രണ്ടു വിക്കറ്റുകളും നേടിയ സ്പ്രിംഗറാണ് മാന്‍ ഓഫ് ദ മാച്ച്.
62 റണ്‍സ് നേടി പുറത്താകാതെ നിന്ന ശാമര്‍ സ്പ്രിംഗറാണ് വിന്‍ഡീസിനെ ഫൈനലില്‍ എത്തിച്ചത്. 88 പന്ത് നേരിട്ട സ്പ്രിംഗര്‍ അഞ്ച് ഫോറും ഒരു സിക്‌സും നേടി. ഗിഡ്‌റോണ്‍ പോപ്-ടെവിന്‍ ഇംലാച് സഖ്യം വിന്‍ഡീസിനു മികച്ച തുടക്കം നല്‍കി. 25 പന്തില്‍ 38 റണ്‍സ് അടിച്ച പോപ് വേഗത്തില്‍ സ്‌കോര്‍ ചെയ്തു.
ഒന്നാം വിക്കറ്റ് 44-ല്‍ നഷ്ടമായെങ്കിലും മൂന്നാമനായി എത്തിയ നായകന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും മിന്നുന്ന ഫോമിലായിരുന്നു. 59 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം 60 റണ്‍സ് നേടിയ ഹെറ്റ്‌മെയര്‍ നായകന്‍ ഇന്നിംഗ്‌സ് കളിച്ചു. എന്നാല്‍ മധ്യനിരയില്‍ വിക്കറ്റുകള്‍ തുടരെ കൊഴിഞ്ഞത് വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ സ്പ്രിംഗര്‍ അവസരോചിതമായി ബാറ്റ് ചെയ്തതോടെ വിന്‍ഡീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരുടെ മുന്‍നിര തകര്‍ന്നതാണ് മികച്ച സ്‌കോര്‍ നേടുന്നതിന് തടസമായത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് നേടിയ അര്‍ധ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ തുണച്ചത്. മെഹ്ദി 60 റണ്‍സ് നേടി. 36 റണ്‍സ് നേടിയ മുഹമ്മദ് സയിഫുദ്ദീന്‍ നായകന് മികച്ച പിന്തുണ നല്‍കി. 113/5 എന്ന നിലയില്‍ പരുങ്ങിയ ആതിഥേയരെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ യുവനിര കിരീട ഫേവറിറ്റുകളാണ്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ നിരയെ ഇഷാന്‍ കിഷനാണ് നയിക്കുന്നത്. സര്‍ഫറാസ് ഖാനെ പോലുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ മാച്ച് വിന്നേഴ്‌സായുള്ള ടീം ഏറെ ആത്മവിശ്വാസത്തിലാണ്. ഐ പി എല്‍ അല്ല ഐ സി സി ലോകപ്പാണ് പ്രധാനമെന്ന ഉപദേശമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.