Connect with us

Gulf

തൊഴില്‍ നിയമ ഭേദഗതിയില്‍ ഖത്വറിനെ പ്രശംസിച്ച് യൂറോപ്യന്‍ പാര്‍ലിമെന്റ് സംഘം

Published

|

Last Updated

ദോഹ: ഖത്വറിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിസരവും മനുഷ്യാവകാശ നിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈയടുത്ത് ഭരണകൂടം നടത്തിയ തൊഴില്‍ നിയമ ഭേദഗതികളെ പ്രശംസിച്ച് യൂറോപ്യന്‍ പാര്‍ലിമെന്റിലെ ഏഴംഗ വിദേശകാര്യ കമ്മിറ്റി പ്രതിനിധി സംഘം. സിറിയന്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാന്‍ ഖത്വര്‍ നടത്തുന്ന ശ്രമങ്ങളെ സംഘം പ്രകീര്‍ത്തിച്ചു. അഭയാര്‍ഥികള്‍ക്ക് ഇനിയും സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തുകയും ചെയ്തു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫിയുമായും ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനിയുമായും യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. വിദേശ തൊഴിലാളികളുടെ മനുഷ്യാവകാശം മെച്ചപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും മുന്നില്‍ ഖത്വര്‍ പ്രകടിപ്പിച്ച പ്രതിബദ്ധത പുലര്‍ത്തുമെന്നതില്‍ സംഘത്തിന് പൂര്‍ണ പ്രതീക്ഷയുണ്ട്. തൊഴിലാളികളുടെ ജീവിത പരിസരവും മനുഷ്യാവകാശവും ഇനിയും മെച്ചപ്പെടുത്തുന്നതില്‍ ഭരണകൂടം ബദ്ധശ്രദ്ധരാണെന്ന സന്ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സംഘത്തലവനും ക്രോയേഷ്യയില്‍ നിന്നുള്ള എം പിയുമായ ആന്ദ്രെ പ്ലെങ്കോവിക് പറഞ്ഞു. യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധിയും സിറിയ, യെമന്‍, ഇറാഖ്, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിലെ സംഭവവികാസങ്ങളും അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇറാനുമായി ബന്ധപ്പെട്ട പുതിയ പുരോഗതികളും ചര്‍ച്ചാവിധേയമായി. മേഖലയില്‍ മാത്രമല്ല ഏഷ്യ, ഇസ്‌ലാമിക ലോകം എന്നിവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്തുന്ന ഖത്വറിനെ സംബന്ധിച്ച് യൂറോപ്യന്‍ യൂനിയനും യൂറോപ്യന്‍ പാര്‍ലിമെന്റിനും വലിയ ആദരവാണുള്ളത്.
യു എ ഇ പൗരന്‍മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ പാര്‍ലിമെന്റില്‍ നിയമഭേദഗതി നടത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോള്‍, അത്തരം വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നത് ക്ലേശകരമാണെന്നും മറ്റ് ജി സി സി പൗരന്മാര്‍ക്ക് ഇത്തരം സേവനങ്ങള്‍ ഒരുക്കുന്നതിന് വിശാലമായ ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണെന്നും പ്ലെങ്കോവിക് പറഞ്ഞു. ഖത്വറും ഇ യുവും സാമ്പത്തിക- വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇരു വിഭാഗവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ പുഷ്ടിപ്പെടുത്താനുള്ള ഖത്വറിന്റെ ശ്രമങ്ങള്‍ക്കൊപ്പം തങ്ങള്‍ ചേരുമെന്നും പ്ലെങ്കോവിക് പറഞ്ഞു. ജോസോ റാഡോസ് (ക്രൊയേഷ്യ), അര്‍ണോഡ് ദാന്‍ജീന്‍, ടോകിയ സെയ്ഫി (ഫ്രാന്‍സ്), അഫ്‌സല്‍ ഖാന്‍ (യു കെ), പീര്‍ ആന്റോണിക് പന്‍സേരി (ഇറ്റലി), മാര്‍ക് ദമസ്മീകര്‍ (ബെല്‍ജിയം) എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഖത്വറിന് പുറമെ സഊദി അറേബ്യയും പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

 

Latest