Connect with us

Articles

പ്രഖ്യാപനപ്പെരുമഴ

Published

|

Last Updated

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനങ്ങളുണ്ടാകുക സ്വാഭാവികം. പ്രത്യേകിച്ച് വോട്ടെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോള്‍. അത് കൊണ്ടുതന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനം എന്ന ഒറ്റവരി ഉപയോഗിച്ച് ഈ ബജറ്റിനെ വിമര്‍ശിക്കുന്നതില്‍ യുക്തിയില്ല. ഭരണത്തുടര്‍ച്ചക്ക് വേണ്ടി വീണ്ടും ജനവിധിയെ സമീപിക്കുമ്പോള്‍ മധുരമുള്ള പ്രഖ്യാപനങ്ങള്‍ ഏത് സര്‍ക്കാറായാലും ബജറ്റില്‍ ഉള്‍പ്പെടുത്തും. ഉമ്മന്‍ചാണ്ടിയുടെ ബജറ്റിലെ സാമൂഹിക ക്ഷേമ പദ്ധതികളെ ഈ അര്‍ഥത്തില്‍ വേണം വായിക്കേണ്ടതും.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ അവസാന വര്‍ഷ ബജറ്റ് ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചപ്പോഴും കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു. പക്ഷെ, ആ ബജറ്റ് നിര്‍ദേശം നടപ്പാക്കാന്‍ പിന്നെ സര്‍ക്കാര്‍ ഉണ്ടായില്ലെന്ന് മാത്രം.
ഫലത്തില്‍ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങളൊന്നും നിലവിലുള്ള സര്‍ക്കാറിന് നടപ്പാക്കാന്‍ കഴിയില്ലെന്ന് സാരം. എല്‍ ഡി എഫ് ആയാലും യു ഡി എഫ് ആയാലും ഭരണകാലവധി തീരുന്നതിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന ബജറ്റിനെ ഒരു പ്രകടനപത്രിക പോലെ കണ്ടാല്‍ മതി. കാരണം നികുതി പരിഷ്‌കാരമല്ലാതെ മറ്റൊരു നിര്‍ദേശവും ഭരിച്ച് കൊണ്ടിരിക്കുന്ന സര്‍ക്കാറിന് നടപ്പാക്കാന്‍ കഴിയില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് ചെലവഴിക്കേണ്ട തുകയും പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച് നിയമസഭ പാസാക്കിയതാണ്. ധനകാര്യബില്ലിലൂടെ പ്രാബല്യത്തില്‍ വരേണ്ടതാണ് ബജറ്റ് നിര്‍ദേശങ്ങളും.
പിന്നെയെന്തിന് ഇങ്ങിനെയൊരു ബജറ്റ് അവതരണം എന്ന ചോദ്യം ഉയരാം. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ മാസമാണ് നടക്കുക. മെയ് മൂന്നാം വാരം മാത്രമേ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കൂ. അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് പണം ചെലവിടാന്‍ നിയമസഭയുടെ അനുമതി വേണം. അതിനായി മൂന്നോ നാലോ മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കേണ്ടതുണ്ട്. നിയമപരമായ ഈ ബാധ്യത നിറവേറ്റുന്നതിന്റെ മറവിലാണ് കൈയടി നേടുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബജറ്റിന് രൂപം നല്‍കി സഭയില്‍ അവതരിപ്പിക്കുന്നത്.
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അതിനാല്‍ പ്രഖ്യാപനങ്ങള്‍ നടപ്പാകുമെന്നതില്‍ ആശങ്കവേണ്ടെന്നുമുള്ള വാദഗതികളാണ് ഭരിക്കുന്ന സര്‍ക്കാറുകള്‍ പൊതുവില്‍ ഉയര്‍ത്താറുള്ളത്. ആ അര്‍ഥത്തില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാകുമെന്ന് ആശ്വസിക്കുകയുമാകാം. ഈ തലത്തില്‍ നിന്ന് കൊണ്ട് ബജറ്റ് വായിച്ചാല്‍ സര്‍വ മേഖലയെയും സ്പര്‍ശിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമ രംഗത്തും കാര്‍ഷിക മേഖലയിലും ഊന്നിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ ബജറ്റ്.
യു ഡി എഫ് സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് എന്നത് മാത്രമല്ല, ഇന്നലെ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകത. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു മുഖ്യമന്ത്രി അവതരിപ്പിക്കുന്നുവെന്ന ആകര്‍ഷണം കൂടിയുണ്ടായിരുന്നു. മാത്രമല്ല, യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും. ധനമന്ത്രിയായിരുന്ന കെ എം മാണി അവതരിപ്പിച്ചിരുന്ന ബജറ്റുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് എം എല്‍ എമാര്‍ വല്ലാതെ അസ്വസ്ഥരാകാറുണ്ടായിരുന്നു. കേരളാകോണ്‍ഗ്രസ് എം എല്‍ എമാരുടെ നിയോജക മണ്ഡലത്തിന് അമിത പ്രാധാന്യം നല്‍കിയെന്നും തങ്ങളെ അവഗണിച്ചുവെന്നുമുള്ള പരാതിയാണ് അവര്‍ ഉന്നയിച്ചിരുന്നത്. ഇത്തവണ ഏതായാലും അങ്ങിനെയൊരു പരാതി ഉന്നയിക്കാന്‍ അവസരവുമില്ല. ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രത്യേകിച്ച് ഒരു വിവേചനം കാണുന്നുമില്ല.
“പട്ടിണിയില്ലാത്ത പ്രാഥമിക സൗകര്യങ്ങളും ആരോഗ്യസുരക്ഷയും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യയും ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിയെന്ന ആത്മവിശ്വാസത്തോടെയാണ് ഉമ്മന്‍ചാണ്ടി ഉപസംഹരിച്ചത്. ബി പി എല്‍, എ എ വൈ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപ അരി പൂര്‍ണമായി സൗജന്യമാക്കിയതാണ് ബജറ്റിലെ മുഖ്യആകര്‍ഷണങ്ങളിലൊന്ന്. വാര്‍ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കിയതിനൊപ്പം സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സും പ്രഖ്യാപിച്ചു. ലിംഗസമത്വം നടപ്പാക്കാന്‍ ് ജന്‍ഡര്‍ ബജറ്റ് എന്ന ആശയവും ബജറ്റ് മുന്നോട്ടുവെക്കുന്നു. കനിവ് എന്ന പേരില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.
പുതുതായി വന്‍കിട പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേകം ഫണ്ട് നീക്കിവെച്ചിട്ടുമില്ല. ഓരോന്നിനും ടോക്കണ്‍ നല്‍കിയ ശേഷം 17 പ്രധാന പദ്ധതികള്‍ക്ക് വേണ്ടി ഒരു പൊതുഫണ്ട് രൂപവത്കരിച്ചിരിക്കുകയാണ്. കൊച്ചിമെട്രോ മുതല്‍ ബേക്കല്‍ എയര്‍സ്ട്രിപ്പ് വരെ ഈ പട്ടികയിലുണ്ട്.
കാര്‍ഷിക മേഖലയെ പരമാവധി തലോടന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റബര്‍മേഖലയെ. യു ഡി എഫ് സ്വാധീനമേഖല എന്ന നിലയില്‍ റബ്ബറിന് കാര്യമായ പരിഗണന നല്‍കിയിട്ടുണ്ട്. കാര്‍ഷികാദായ നികുതി പൂര്‍ണ്ണമായി ഒഴിവാക്കി. കേന്ദ്രവിഹിതവും ചേര്‍ത്ത് കാര്‍ഷിക മേഖലക്കായി നീക്കിവെച്ചിരിക്കുന്നത് 764.21 കോടി രൂപയാണ്. കാര്‍ഷിക മേഖലയിലെ വൈദ്യുതി സബ്‌സിഡി തോട്ടം മേഖലയിലേക്ക് കൂടി വ്യാപിക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. ഏലം ഉള്‍പ്പെടെ അഞ്ച് ഹെക്ടറില്‍ കൂടുതല്‍ കൃഷി ചെയ്യുന്നവര്‍ക്ക് കൂടി വൈദ്യുതി നിരക്കില്‍ ഇളവ് ലഭിക്കും.
ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയ വിഷരഹിത പച്ചക്കറി എന്ന ആശയം ബജറ്റിലും ഇടം പിടിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എം മുന്നേറ്റത്തിന്റെ കാരണങ്ങളിലൊന്ന് ഈ മേഖലയില്‍ നടത്തിയ ഇടപെടലാണെന്ന തിരിച്ചറിവ് കൂടിയാകണം ഇങ്ങിനെയൊരു നിര്‍ദേശത്തിന് പിന്നില്‍. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഗവേഷണ സാധ്യതകള്‍ തേടി പുതിയ കാര്‍ഷിക കോളജുകളും അഗ്രി. പോളിടെക്‌നിക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുഴ സംരക്ഷണത്തിന് വേണ്ടി പുതിയ അതോറിറ്റി രൂപവത്കരിക്കാനുള്ള നിര്‍ദേശവും പുതിയ ജൈവസംരക്ഷണ പാര്‍ക്ക് പ്രഖ്യാപനത്തിലൂടെയും സര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദമല്ലെന്ന ആക്ഷേപത്തിന് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു.
കാസര്‍കോഡ്- തിരുവനന്തപുരം ഹൈസ്പീഡ് റെയില്‍കോറിഡോര്‍ നിര്‍ദേശം വീണ്ടും ഇടംപിടിച്ചിട്ടുണ്ട്. ഐ ടി മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ആയിരം സ്റ്റാര്‍ട്ട് അപ്പുകളാണ് അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്.
റോഡ് വികസനത്തില്‍ എല്ലാജില്ലകളെയും ബന്ധപ്പെടുത്തിയുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. രണ്ട് ഘട്ടമായി പത്ത് വീതം പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു. പ്രധാന ജംഗ്ഷനുകളില്‍ ഫ്‌ളൈ ഓവര്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഇങ്ങിനെ കൈയടി നേടുന്ന പ്രഖ്യാപനങ്ങളേറെ ഇടംപിടിച്ച ബജറ്റ് കേരളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം പറയേണ്ടി വരും. ബജറ്റിന് തൊട്ടുമുമ്പ് നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകനത്തിലെ പലകണക്കുകളുമായും ബജറ്റ് കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല.
ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ പണം എവിടെയെന്ന ചോദ്യമാണ് പ്രതിപക്ഷം ചോദിക്കുന്നത്. റവന്യുവരുമാനത്തിലെ കുറവ് കൊണ്ട് സംഭവിച്ച തളര്‍ച്ച എങ്ങിനെ നേരിടുമെന്ന് ബജറ്റ് പറയുന്നില്ല. 24000 കോടി രൂപയുടെ അധിക വരുമാനം ബജറ്റില്‍ കാണിച്ചിട്ടുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് മുന്‍കാല അനുഭവം. ഇതില്‍ തന്നെ 17,000 കോടി രൂപ വായ്പയാണ്. പൊതുവിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പരിധിയില്‍ വരുന്ന തുകയാണിത്.
9897.45 കോടി രൂപയുടെ റവന്യൂകമ്മിയാണ് ബജറ്റ് എസ്റ്റിമേറ്റില്‍ കാണിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ നിത്യനിദാന ചെലവുകള്‍ക്ക് നികുതിനികുതിയേതര വരുമാനം തികയാതെ വരുമ്പോഴാണ് ബജറ്റ് റവന്യൂ കമ്മിയിലാകുന്നത്. ചെലവ് ചുരുക്കാതെയും വരുമാനം വര്‍ധിപ്പിക്കാതെയും വരുമ്പോള്‍ കമ്മി കൂടി കൊണ്ടിരിക്കും. 2012-13 ല്‍ റവന്യൂ കമ്മി ഇല്ലാതാക്കണമെന്നാണ് നിയമം അനുശാസിച്ചിരുന്നന്നത്. എന്നാല്‍ 2012-13 ല്‍ റവന്യൂ കമ്മി 2.69 ആയി ഉയര്‍ന്നു . 2013-14 അത് വീണ്ടും 2.85 ആയി.
2011-12 ല്‍ റവന്യൂ 5534 കോടി രൂപ ആയിരിക്കുമെന്നായിരുന്നു ബജറ്റില്‍ കാണിച്ചത്. യഥാര്‍ത്ഥ കണക്ക് വച്ചപ്പോള്‍ 8034 കോടി രൂപ. 2012-13 ല്‍ ബജറ്റില്‍ പറഞ്ഞ 3464 കോടി രൂപ ഏതാണ്ട് മൂന്ന് മടങ്ങായി വര്‍ധിച്ച് 9351 കോടി രൂപയായി. 2013-14 ല്‍ വീണ്ടും ബജറ്റില്‍ റവന്യൂ കമ്മി 1202 കോടി രൂപയായി കുറച്ചു. പക്ഷേ, കമ്മി ഏതാണ്ട് പത്തുമടങ്ങ് വര്‍ദ്ധിച്ച് 11308 കോടിയായി. 2014 ല്‍ കമ്മി ഉയര്‍ത്തി 7132 കോടിയായി ബജറ്റില്‍ ക്രമീകരിച്ചു. എന്നാല്‍ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ ഇത് 13,795 കോടിയെ സര്‍വകാല റെക്കോര്‍ഡിലെത്തി. ഇപ്പോള്‍ കാണിച്ചിരിക്കുന്നത് 9897.45 കോടി രൂപയാണെങ്കിലും യതാര്‍ഥ കണക്ക് വരുമ്പോള്‍ നിലവിലുള്ള റെക്കോര്‍ഡും ഭേദിക്കും.

Latest