Connect with us

Kozhikode

ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേട് വ്യക്തമാക്കി രേഖകള്‍

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍ഡ് നിയമനത്തിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്‍ര്‍വ്യൂവില്‍ മാര്‍ക്ക് നല്‍കിയതില്‍ വ്യാപക വ്യത്യാസം. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ഇന്‍ര്‍വ്യൂവില്‍ താരതമ്യേന കുറഞ്ഞ മാര്‍ക്കും പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഇന്‍ര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്കും നല്‍കിയതിന്റെ വ്യത്യാസം വ്യക്തമാക്കി ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് ഇന്നലെ പുറത്തു വന്നു. എല്‍ ബിഎസ് നടത്തിയ പരീക്ഷക്ക് ശേഷം നിയമനത്തിനായി സര്‍വകലാശാലയില്‍ മുന്‍ വിസി ഡോ: എം. അബ്ദുല്‍സലാം ചെയര്‍മാനായി രൂപവത്കരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്റര്‍വ്യൂ നടത്തി മാര്‍ക്ക് നല്‍കിയത്. പരീക്ഷയില്‍ നേടിയ മാര്‍ക്കിന് പുറമേ ഉദ്യോഗാര്‍ഥിയുടെ ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കേണ്ടിയിരുന്നത്. 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും 20 മാര്‍ക്കിന്റെ ഇന്റര്‍വ്യൂവുമാണ് നടത്തിയത്. ഇതില്‍ അധികം പേര്‍ക്കും സെലക്ഷന്‍ കമ്മിറ്റി ഇന്റര്‍വ്യൂവില്‍ 18 മാര്‍ക്ക് നല്‍കി. എന്നാല്‍ എഴുത്തു പരീക്ഷയില്‍ വിവിധ നിലയില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് ഇന്റര്‍വ്യൂവില്‍ പരമാവധി നല്‍കാവുന്ന 18 മാര്‍ക്ക് നല്‍കിയത്. ഇതിന് പുറമേ പരീക്ഷയില്‍ താരതമ്യേന കുറഞ്ഞ മാര്‍ക്കുള്ള ചില ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്കും നല്‍കി. എഴുത്തു പരീക്ഷയില്‍ 51.67 മാര്‍ക്ക് നേടിയ വ്യക്തിക്ക് ഇന്റര്‍വ്യൂവില്‍ നല്‍കിയത് 4.25 മാര്‍ക്ക്. 52.33 മാര്‍ക്ക് എഴുത്ത് പരീക്ഷയിലുള്ള ഉദ്യോഗാര്‍ത്ഥിക്ക്ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് 3.25. അതേസമയം എഴുത്ത് പരീക്ഷയില്‍ 33.30 മാര്‍ക്ക് ലഭിച്ചയാള്‍ക്ക്ഇന്റര്‍വ്യൂവില്‍ നല്‍കിയത് 18.80 മാര്‍ക്ക്. 35, 36 മാര്‍ക്ക് എന്നിങ്ങനെ പരീക്ഷക്ക് ലഭിച്ചവര്‍ക്കും ഇന്റര്‍വ്യൂവില്‍ 18 മാര്‍ക്ക് നല്‍കി. ഇത്തരത്തില്‍ പരീക്ഷക്ക് 50 ന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് നല്‍കിയതിനേക്കാള്‍ 29, 30, 40 മാര്‍ക്കും അതിനിടയില്‍ ലഭിച്ചവര്‍ക്കും ഇന്റവ്യൂവില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയിട്ടുണ്ട്. സിന്‍ഡിക്കേറ്റിലെ കോഴിക്കോട് സ്വദേശിയായ പ്രമുഖ കോണ്‍ഗ്രസ് പ്രതിനിധിയും യൂനിവേഴ്‌സിറ്റി പരിസരത്ത് താമസിക്കുന്ന ലീഗ് നേതാവുമാണ്് നിയമന നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.
മെയിന്‍ ലിസ്റ്റില്‍ മൊത്തം 1077 ഉദ്യോഗാര്‍ഥികളാണുള്ളത്. ഇവരില്‍ പലര്‍ക്കുമാണ് ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് വാരിക്കോരി ലഭിച്ചതും ചിലര്‍ക്ക് മാര്‍ക്ക് നല്‍കാതിരുന്നതും. നിയമനത്തില്‍ ക്രമക്കേടും കോഴയും മുന്‍ വിസി തന്നെ അദ്ദേഹം വിരമിക്കുന്ന ഘട്ടത്തില്‍ ആരോപിച്ചിരുന്നു. അക്കാര്യങ്ങള്‍ ശരിവെക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാര്‍ത്ഥികളുടെ വാദത്തിനും ഇത് ബലമേകും.