Connect with us

Kerala

വിദ്യാഭ്യാസ സഹായത്തിനായി 200 കോടിയുടെ ബൃഹത് പദ്ധതി 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റ് നിര്‍ദേശം. ഇതിനായി 14 കോടി മാറ്റിവെച്ചു. ബേങ്കുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ സഹായത്തിനായി ബൃഹത് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മൂന്ന് തലത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഇന്ത്യക്ക് അകത്ത് പഠിക്കുന്ന കുട്ടികള്‍ എടുക്കുന്ന വാര്‍ഷിക വായ്പകള്‍ കൃത്യസമയത്ത് അനുവദിക്കുകയാണെങ്കില്‍ 12 മാസത്തവണയില്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ തിരിച്ചു നല്‍കും. പ്രൊഫഷനല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍്ക്ക് പലിശ ഇളവ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പോളിടെക്‌നിക്കുകളിലും ഐ ടി ഐകളിലും പഠിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശ ഇളവ് പദ്ധതി നടപ്പാക്കും. വായ്പ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കുടിശ്ശിക വരുന്ന വായ്പത്തുക മാത്രം തിരിച്ചടച്ചാല്‍ ബാധ്യത അവസാനിപ്പിക്കാന്‍ ബേങ്കുകള്‍ സമ്മതിച്ചാല്‍ സര്‍ക്കാര്‍ സഹായിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാമായി 200 കോടി രൂപ വകയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ബന്ധപ്പെടുത്തി ഈ പദ്ധതി നടപ്പാക്കും.
വിദ്യാഭ്യാസ മേഖലക്ക് ബജറ്റില്‍ 1330.79 കോടി രൂപ വകയിരുത്തി. ഇതില്‍ 502.1 കോടി രൂപ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും 592.87 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലക്കും 12.9 കോടിരൂപ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലക്കുമാണ് നീക്കിവെച്ചിരിക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 64.45 കോടി രൂപയും വിദ്യാഭ്യാസ രംഗത്തെ മികവ് ഉറപ്പാക്കാന്‍ 10.66 കോടി രൂപയും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 40.1 കോടിയും മാറ്റിവെച്ചിട്ടുണ്ട്. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ കീഴിലുള്ള കണ്ണൂര്‍ ജി വി എച്ച് എസ് എസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 17 കോടി രൂപ നീക്കിവെച്ചു. പേരാവൂരില്‍ എ ഇ ഒ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി ഒരു കോടി മാറ്റിവെച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 66 കോടി രൂപയും അധ്യാപനം മെച്ചപ്പെടുത്തുന്നതിന് 5.3 കോടി രൂപയും വിദ്യാര്‍ഥി കേന്ദ്രീകൃത പരിപാടികള്‍ക്കായി ഏഴ് കോടി രൂപയും സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ഏഴ് കോടി രൂപയും നീക്കിവെച്ചു. നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫില്‍ നിന്നും ലഭ്യമാക്കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 12 കോടി രൂപ വകയിരുത്തി. ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റിന്റെ മന്ദിര നിര്‍മാണത്തിനായി രണ്ട് കോടി രൂപ നീക്കിവെച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന് 60 കോടി രൂപയും അധ്യാപകരുടെ പരിശീലനമുള്‍പ്പെടെ വിദ്യാഭ്യാസവികസനത്തിനായി 21.76 കോടി രൂപയും ഉച്ച ഭക്ഷണ പദ്ധതിക്കായി 106.06 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തി. താനൂര്‍ കാട്ടിലങ്ങാടി ജി എച്ച് എസ് എസ് ഗ്രൗണ്ടില്‍ ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി രണ്ടു കോടി രൂപ മാറ്റിവെച്ചു.

Latest