Connect with us

International

പുനരധിവാസത്തിനായി സിറിയയില്‍ വെടിനിര്‍ത്തുന്നു

Published

|

Last Updated

മ്യൂനിക്കില്‍ നടന്ന യോഗത്തില്‍ റഷ്യന്‍ വിദേശകാര്യ
സെക്രട്ടറി സെര്‍ജി ലാവ്‌റോവ്, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍

മ്യൂനിക്ക്്: പുനരധിവാസ പ്രവര്‍ത്തനളും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ഏകോപിക്കാന്‍ സിറിയയില്‍ താത്കാലികമായി വെടിനിര്‍ത്തുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ശക്തികള്‍ മ്യുനിച്ചില്‍ ചര്‍ച്ചകളിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രതിപക്ഷ പാര്‍ട്ടികളുടെയും സിറിയന്‍ സര്‍ക്കാറിന്റെയും അഗീകാരം ലഭിച്ചാലുടന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
സിറിയയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഇസില്‍ ഭീകരവാദികള്‍ക്കെതിരെ നടക്കുന്ന ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയെ പിന്തുണക്കുന്ന 17 രാജ്യങ്ങളിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം റഷ്യ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല. ജനീവയില്‍ സാധ്യമാകും വിധം വേഗത്തില്‍ സമാധാന ചര്‍ച്ച വിളിച്ചുകൂട്ടണമെന്ന അഭിപ്രായം എല്ലാം അംഗങ്ങളും യോഗത്തില്‍ ഉന്നയിച്ചു. കെറിയെ കൂടാതെ റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവ്, യു എന്‍ പ്രതിനിധി സ്റ്റാഫാന്‍ ഡെ മിസ്തുറ, ജര്‍മന്‍ വിദേശ കാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീമിയര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസില്‍ ഭീകരര്‍ക്കെതിരെയും അന്നുസ്്‌റ ഫ്രണ്ടിനെതിരെയും വെടിനിര്‍ത്തല്‍ പ്രായോഗികമല്ലെന്ന് കെറി പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യും.
അനുദിനം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന യുദ്ധമാണിത്. വെടിനിര്‍ത്തല്‍ തീരുമാനത്തെ സിറിയയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി സ്വാഗതം ചെയ്തു. മ്യൂനിച്ചിലെ തീരുമാനം പ്രവര്‍ത്തികമായാല്‍ ജനീവയില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളികളാകുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ വെടിനിര്‍ത്താനുള്ള തീരുമാനത്തെ ബ്രിട്ടീഷ് വിദേശ കാര്യസെക്രട്ടറി ഫിലിപ് ഹമോന്ദ് സ്വാഗതം ചെയ്തു. ഈ തീരുമാനം അഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.