Connect with us

Malappuram

ജാഗ്രതാ പദ്ധതി: രണ്ടാം ബാച്ച് പുറത്തിറങ്ങി

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി തയ്യാറാക്കിയ ജാഗ്രതാ പദ്ധതിയിലെ രണ്ടാം ബാച്ച് സ്വയരക്ഷാ കായിക പരിശീലനം പൂര്‍ത്തീകരിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള ബോധവത്കരണ പരിപാടികള്‍, സ്വയരക്ഷാ കായിക പരിശീലനം, കലാജാഥ, കൗണ്‍സിലിംഗ്, പ്രശ്‌ന പരിഹാര സെല്‍, നിയമ സഹായ സെല്‍ എന്നിവയാണ് ജാഗ്രതാ പദ്ധതിയുടെ ഭാഗമായി നഗരസഭാ നടത്തിക്കൊണ്ടിരിക്കുന്നത്.
വനിതകളുടെ മാനസികവും ശാരീരികവുമായ നില മെച്ചപ്പെടുത്തുന്നതിനും ആത്മ വിശ്വാസം വളര്‍ത്താനും സ്വയ രക്ഷക്കും വേണ്ടിയാണ് കായിക പരിശീലനം ഈ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കുന്നത്. 2014ല്‍ ആരംഭിച്ച ആദ്യ ബാച്ചില്‍ 420 വനിതകള്‍ രജിസ്റ്റര്‍ ചെയ്യുകയും 350 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാം ബാച്ചില്‍ 820 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 520 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കുന്നപ്പള്ളി, ജൂബിലി റോഡ്, പഞ്ചമ സ്‌കൂള്‍, പാതാക്കര, എരവിമംഗലം ടൗണില്‍ ഗവ. ഗേള്‍സ് സ്‌കൂള്‍ എന്നിങ്ങനെ ആറ് കേന്ദ്രങ്ങളിലായി ശനി, ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാക്കിയ 520 വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ശോഭന, കെ ടി പ്രേമലത, വിന്നര്‍ ശരീഫ്, എം കെ ശ്രീധരന്‍, വി എം സുനന്ദ, കെ വിനോദിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജാഗ്രതാ പദ്ധതി ചെയര്‍മാന്‍ അഡ്വ. ഷാന്‍സി നന്ദകുമാര്‍ സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ ഷീജ നന്ദിയും പറഞ്ഞു.