Connect with us

Wayanad

ഗൂഡല്ലൂരിലും ഊട്ടിയിലും റോഡ് ഉപരോധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഗൂഡല്ലൂരിലും ഊട്ടിയിലും റോഡ് ഉപരോധിച്ച സര്‍ക്കാര്‍ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ഗവ. ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. ഗൂഡല്ലൂര്‍ താലൂക്ക് ഓഫീസ് പരിസരത്തില്‍ നിന്ന് പ്രകടനമായിയെത്തിയ സമരക്കാര്‍ ഗൂഡല്ലൂര്‍ പുതിയ ബസ്റ്റാന്‍ഡിന് സമീപത്തായി ഊട്ടി-മൈസൂര്‍ ദേശീയ പാതയും ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയും ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മുതല്‍ പന്ത്രണ്ട് വരെയാണ് ഉപരോധ സമരം നടത്തിയത്. സമരം ചെയ്ത സ്ത്രീകളടക്കമുള്ള 500 പേരെ ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഉപരോധം കാരണം റോഡിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്.
ദീര്‍ഘദൂര ബസുകളടക്കമുള്ള ബസുകളും വഴിയില്‍ കുടുങ്ങി. ഉപരോധ സമരത്തെത്തുടര്‍ന്ന് ഗൂഡല്ലൂര്‍ നഗരത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഗവ. എംപ്ലോയീസ് അസോസിയേഷന്‍, റവന്യു അസോസിയേഷന്‍, തമിഴ്‌നാട് ഗവ. സ്റ്റാഫ് അസോസിയേഷന്‍, ഫോറസ്റ്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 68 വിഭാഗങ്ങളിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്. ബുധനാഴ്ചയാണ് സമരം തുടങ്ങിയത്. ഊട്ടി എ ടി സിയില്‍ റോഡ് ഉപരോധിച്ച 750 പേരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് നീലഗിരിയിലും സമരം നടത്തുന്നത്. ഇന്ന് ഊട്ടിയില്‍ സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. പഞ്ചായത്ത് യൂനിയന്‍ ഓഫീസ്, താലൂക്ക് ഓഫീസ്, ആര്‍ ഡി ഒ ഓഫീസ്, കലക്‌ടേറ്റ് ഓഫീസ് തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാരും ഉച്ചഭക്ഷണ പദ്ധതി ജീവനക്കാരുമാണ് സമരം നടത്തുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. മാസ ശമ്പളം വര്‍ധിപ്പിക്കുക, പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഒഴിവുകള്‍ ഉടന്‍ നികത്തുക, ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ഇരുപതിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഗൂഡല്ലൂരിലെ ഉപരോധ സമരത്തിന് രാജ്കമല്‍, സലീം, ശിവലിംഗം, പരമേശ്വരി, യോഗേശ്വരി, ഗോപാല്‍, ഖദീജ, ചന്ദ്രബോസ്, ശങ്കര്‍, തങ്കരാജ്, ഇമ്പനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിത കാല സമരം തുടരുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണ്.