Connect with us

National

പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ സഹകരണത്തിന്റെ മറവില്‍ പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. തീവ്രവാദത്തിനെതിരെ പോരാടാനുള്ള സഹായമെന്ന നിലയിലാണ് പാക്കിസ്ഥാന് അമേരിക്ക യുദ്ധവിമാന കൈമാറ്റം നടത്തുന്നത്. എന്നാല്‍, ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇക്കാര്യം അമേരിക്കന്‍ സ്ഥാനപതിയെ അറിയിച്ചിട്ടുമുണ്ട്.
പാക്കിസ്ഥാന്റെ ശത്രു ഇന്ത്യയാണെന്നിരിക്കെ പാക്കിസ്ഥാന് അമേരിക്ക നല്‍കുന്ന യുദ്ധോപകരണങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്കയാണ് ഇന്ത്യ അമേരിക്കന്‍ സ്ഥാനപതിയുമായി പങ്കുവെച്ചത്. ഈ വിമാനങ്ങള്‍ ഭീകരവാദികള്‍ക്കെതിരെ ഉപയോഗപ്പെടുത്തുമെന്ന അമേരിക്കന്‍ നിലപാടിനോട് ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചു. ഭീകരവാദികളെ പരോക്ഷമായി സഹായിക്കുകയും തീവ്രവാദത്തിനെതിരെ കടുത്ത നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെ നടപടി നിരാശാജനകമാണെന്നും ഇന്ത്യ അറിയിച്ചു.
എന്നാല്‍, പാക്കിസ്ഥാന്റെ നിലവിലുള്ളതും ഭാവിയിലെയും സുരക്ഷാ ഭീഷണികളെ നേരിടുന്നതിനുള്ള നടപടിയാണിതെന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണിന്റെ നിലപാട്. മാത്രമല്ല പാക് മണ്ണിലെയും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദത്തെയും പ്രതിരോധിക്കാന്‍ ഇതുവഴി കഴിയുമെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിലും കോണ്‍ഗ്രസിലെ അംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.
ഇന്ത്യ- പാക് തര്‍ക്കങ്ങള്‍ സജീവമായി തുടരുന്ന സാഹചര്യത്തിലാണ് എഴുനൂറ് ദശലക്ഷം (എഴുപത് കോടി അമേരിക്കന്‍ ഡോളര്‍) ഡോളറിന്റെ വിമാനക്കച്ചവടത്തിന് ഒബാമ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. ഏത് കാലാവസ്ഥയിലും രാപകല്‍ ഭേദമന്യേ ഉപയോഗിക്കാന്‍ പറ്റിയ എട്ട് എഫ് 16 യുദ്ധവിമാനങ്ങളാണ് ഇത്രയും തുക മുടക്കി പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് സ്വന്തമാക്കാനൊരുങ്ങുന്നത്.

Latest