Connect with us

Gulf

ഷാര്‍ജയെ മേഖലയിലെ ഏറ്റവും സുരക്ഷിത നഗരമാക്കും

Published

|

Last Updated

ഷാര്‍ജ:അറബ് മേഖലയിലെ ഏറ്റവും സുരക്ഷിത നഗരമാക്കി ഷാര്‍ജയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഇതിനുള്ള ബൃഹത്തായ പദ്ധതിക്ക് പോലീസ് രൂപംനല്‍കിയതായി അധികൃതര്‍ പറഞ്ഞു. 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടാക്കാന്‍ സാധിച്ചെന്നത് സമാനതകളില്ലാത്ത നേട്ടമാണ്. പോലീസിന്റെ സേവനം മികച്ചതാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അത്യാഹിത ഘട്ടങ്ങളില്‍ പോലീസിന്റെ സേവനം ദ്രുതഗതിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാക്കുന്നതിലും തടവുകാരുടെ പുനരധിവാസം ഉറപ്പാക്കുന്നതിലുമെല്ലാം മികച്ച പ്രവര്‍ത്തനമാണ് ഷാര്‍ജ പോലീസ് നടത്തിവരുന്നത്.
വീട്ടുവേലക്കാരി കൊല്ലാന്‍ ശ്രമിച്ച കുട്ടിയെ ദ്രുതഗതിയില്‍ എത്തി രക്ഷിക്കാന്‍ സാധിച്ചത് പോലീസിന്റെ കഴിഞ്ഞ വര്‍ഷത്തെ നേട്ടമാണ്. ഏറെക്കുറെ മരിച്ചെന്ന അവസ്ഥയിലായിരുന്ന കുഞ്ഞിനെയാണ് ഉടന്‍ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയത്. കറിക്കത്തി ഉപയോഗിച്ചായിരുന്നു യുവതി ആണ്‍കുഞ്ഞിനെ മൃതപ്രായനാക്കിയത്. വീട്ടുവേലക്കാരിയെ സാഹസികമായാണ് പോലീസ് കീഴടക്കിയതും കുഞ്ഞിനെ രക്ഷിച്ചതും. കൊലപാതകവുമായി ബന്ധപ്പെട്ടവരെ പിടികൂടാനും പോലീസിന് കഴിഞ്ഞ വര്‍ഷം സാധിച്ചു. ഇതോടൊപ്പം നിരവധി കേസുകള്‍ക്ക് പോലീസ് ഈ കാലയളവില്‍ തുമ്പുണ്ടാക്കി. 2015ല്‍ തെളിയിക്കപ്പെടാത്തതായ ഒരൊറ്റ കൊലക്കേസും ഷാര്‍യിലുണ്ടായില്ലെന്നത് പോലീസിന്റെ മികച്ച പ്രകടനമാണ് വ്യക്തമാക്കുന്നത്. ബേങ്കില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങുന്ന ഉപഭോക്താക്കളില്‍നിന്ന് പണം തട്ടുന്ന നിരവധി സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടാന്‍ പ്രധാന ബേങ്കുകള്‍ക്ക് സമീപം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വ്യാജ വിസ നിര്‍മാണവുമായി ബന്ധപ്പെട്ട സംഘങ്ങളെ ഇല്ലാതാക്കുന്നതിലും പോലീസ് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സംഘങ്ങള്‍ ഇതില്‍ ഉള്‍പെടും. യാചന, പൊതുസ്ഥലങ്ങളില്‍ കാര്‍ കഴുകല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 15,400 പേരെ പോലീസ് ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Latest