Connect with us

Kerala

മലയാളത്തിന്റെ അഗ്‌നി തേജസ്സിന് കാവ്യാഞ്ജലി

Published

|

Last Updated

അഗ്‌നിയാണെന്‍ ദേവത
അഗ്‌നിയുണ്ടെന്‍ നെഞ്ചിലെ
ന്നസ്ഥിയില്‍, ജഠരത്തില്‍
നാഭിയില്‍, സിരകളില്‍
അണുമാത്രമാം ജീവ
കോശത്തില്‍ പോലും എന്നു
മതിനെയൂട്ടാന്‍ ഞാനീ
യിന്ധനമൊരുക്കുന്നു
(അഗ്‌നി)

ബാല്യ വിജനതയില്‍ നാട്ടുകാഴ്ചകളുടെ ഉള്ളറിവുകളെ നട്ടുവളര്‍ത്തി മലയാള ഭാഷയുടെ സുകൃതമായി വളര്‍ന്ന് പ്രശസ്തിയും പുരസ്‌കാരങ്ങളും ഒത്തിരിയൊത്തിരി വാരിക്കൂട്ടി രാജ്യത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിലെത്തി മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ഒരു ഭാവഗീതം പോലെ നിറഞ്ഞുനില്‍ക്കുന്ന ഒ. എന്‍. വി. യുടെ വിയോഗ വാര്‍ത്ത തികച്ചും അവിശ്വസനീയമായാണ് അനുഭവപ്പെട്ടത്. യാഥാര്‍ത്ഥ്യവുമായി യാതൊരു വിധത്തിലും പൊരുത്തപ്പെടുവാന്‍ കഴിയാത്ത അവസ്ഥ. കാരണം അദ്ദേഹത്തില്‍ നിന്നും ഇപ്പോഴും കാവ്യഗീതി അനര്‍ഗളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു.

1987ലായിരുന്നു അദ്ദേഹം ആദ്യമായി അബുദാബിയിലെത്തിയത്. കുമാരനാശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ആശാന്‍ സ്മാരക പ്രഭാഷണം നടത്താനായിരുന്നു. 1989ലും ഈ ദൗത്യവുമായി വീണ്ടും അദ്ദേഹം വരികയുണ്ടായി. കൂടെ മലയാളത്തിന്റെ മറ്റൊരു കവി കെ. അയ്യപ്പ പണിക്കരും ഉണ്ടായിരുന്നു. കാവ്യാലാപനങ്ങള്‍കൊണ്ടും കാവ്യാസ്വാദനങ്ങള്‍കൊണ്ടും ആഴ്ചകള്‍ നീണ്ട പരിപാടിയായിരുന്നു അന്ന് അബുദാബിയിലെ സഹൃദയ ലോകം ആസൂത്രണം ചെയ്തത്. അന്ന് ഈ ലേഖകനും അദ്ദേഹത്തിന്റെ വേദിയില്‍ ഒരു കവിത ചൊല്ലുവാനുള്ള സൗഭാഗ്യമുണ്ടായത് ഇന്നലെയെന്നപോലെയാണ് ഓര്‍ത്തുപോകുന്നത്. മൂന്നാം തവണ വന്നത് 1997ല്‍ അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ് സ്വീകരിക്കാനായിരുന്നു. അന്ന് സമാജത്തിന്റെ സാഹിത്യ വിഭാഗം സംഘടിപ്പിച്ച സ്‌നേഹ സംവാദത്തില്‍ സംവദിക്കുവാനും അദ്ദേഹവുമായി വ്യക്തിപരമായി മണിക്കൂറുകള്‍ നീണ്ട അഭിമുഖം നടത്തുവാനുമുള്ള അവസരവും ലഭിക്കുകയുണ്ടായി.

“സഹജാതരുടെ മൊഴി സംഗീതമായി”കേള്‍ക്കാന്‍ കൊതിക്കുകയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ കണ്ണുനീരും വിയര്‍പ്പും കവിതക്ക് ഉപ്പാക്കി മാറ്റുകയും ചെയ്ത ഒ. എന്‍ വി സ്വന്തം കൃതികളിലൂടെ മലയാള സാഹിത്യത്തിനു നിത്യസുഗന്ധിയായ വസന്തമൊരുക്കുകയാണ് ചെയ്തത്.

1946 ല്‍ പ്രസിദ്ധപ്പെടുത്തിയ “മുന്നോട്ട്”എന്ന കവിതയില്‍ നിന്നാണ് ഒഎന്‍വിയുടെ കാവ്യജീവിതം തുടങ്ങുന്നത്. ജീവിതത്തിന്റെ തീവ്രവും സങ്കീര്‍ണവുമായ ആയോധനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും സാമ്പത്തികമായി എരിഞ്ഞുകൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിന്റെ കവിമനസ്സ് കാവ്യസൃഷ്ടികളില്‍ നിന്ന് അണുകിട പിറകോട്ട് ചലിച്ചിരുന്നില്ല. തന്റെ ജീവിതത്തിന്റെ വെളിച്ചമാണ് കവിതയെന്ന് അദ്ദേഹം എന്നും വിശ്വസിച്ചിരുന്നു. “ഏകാന്തതയുടെ അമാവാസിയില്‍ തന്റെ ബാല്യത്തിനു കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത”(എന്റെ കവിത: ഭൂമിക്കൊരു ചരമഗീതം) എന്ന് അദ്ദേഹം സ്വയം വെളിപ്പെടുത്തുകയുണ്ടായി.

തന്റെ കുട്ടിക്കാലത്ത് കിഴക്കോട്ട് കുതിച്ചു പാഞ്ഞ ഒരു തീവണ്ടിയിലിരുന്ന് കൈവീശി എന്നെന്നേക്കുമായി യാത്ര പറഞ്ഞ തന്റെ ആദ്യഗുരുവായ പിതാവിന്റെ സ്ഥാനത്ത് കവിതയെ പ്രതിഷ്ഠിക്കുകയാണ് കവി ചെയ്തത്.
“പൊന്നു വെക്കേണ്ടിടത്ത് പൂ വെക്കും പോലെ ഞാന്‍ പ്രതിഷ്ഠിച്ചതു കവിതയാണ്. അന്നു മുതല്‍ കവിത എന്നോടൊപ്പമുണ്ട്. ഒരു തുള്ളി വെളിച്ചമായി, ഒരു സാന്ത്വനമായി, ഒരു പൊരുളായി, നാളെ ഒഴിഞ്ഞുകൊടുക്കേണ്ട വാടക വീടാണെങ്കില്‍ പോലും ഈ ഭൂമിയെ ഞാനുമായി ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ കണ്ണിയായി, ഒരിക്കലും പൂര്‍ണമായറിയാത്ത എന്തോ ആയി കവിത എന്നോടൊപ്പമുണ്ട്. ഏതു കല്ലും മുള്ളുമുള്ള കാട്ടിലും രാമനോടൊപ്പം പോകാനാഗ്രഹിച്ച സീതയെപ്പോലെ ഏതാപത്തിലും തന്റെ മക്കളോടൊപ്പം ജീവിക്കാനാഗ്രഹിച്ച കുന്തിയെപ്പോലെ…” (എന്റെ കവിത: ഭൂമിക്കൊരു ചരമഗീതം)

സൂര്യനുകീഴിലുള്ള ഒന്നും തന്റെ കവിതക്കന്യമല്ല എന്നു വിശ്വസിക്കുന്ന ഒ എന്‍ വി, കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി തന്റെ കവിതയിലൂടെ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ ഋതുഭേദങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ജനഹൃദയങ്ങളില്‍ ഒരു ഭാവഗീതംപോലെ ഒ. എന്‍. വി. യുടെ വരികള്‍ നിലയുറപ്പിച്ചത്.

“നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ”എന്നു പാടിക്കൊണ്ട് കേരളത്തിന്റെ പട്ടിണിക്കാരും അര്‍ധപട്ടിണിക്കാരും അധ്വാനിക്കുന്നവരുമായ ജനതയുടെ ഉള്ളില്‍ അവകാശവാദബോധത്തിന്റെ തിരികൊളുത്തിയ അദ്ദേഹം കാടെരിയുമ്പോള്‍ ഒരു തുള്ളി വെള്ളം കൊണ്ടുവന്ന കിളിയുടെ ധര്‍മമാണ് കാലാകാലങ്ങളിലായി നിവഹിച്ചുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാള കവിതയില്‍ മാനവികതയുടെ മഹാകവിയാണ്. ഒ എന്‍ വി. “ഇരുളില്‍ പുതഞ്ഞുപോയ, തേച്ചുമിനുക്കിയാല്‍ ചിരിതൂകുമായിരം ജീവിതങ്ങള്‍”(മാറ്റുവിന്‍ ചട്ടങ്ങളെ) എന്ന ഒറ്റഈരടി മാത്രം മതി ഈ കവിയുടെ ദര്‍ശനം വ്യക്തമാക്കാന്‍.മനുഷ്യാവസ്ഥയോട് പ്രതിക്കുകയാണ് യഥാര്‍ഥ കവിധര്‍മമെന്ന് വിശ്വസിക്കുന്ന അദ്ദേഹം മലയാള കവിതയെ സന്തുലനപ്പെടുത്തുന്ന ശക്തിയായി വര്‍ത്തിക്കുന്നു.

വള്ളത്തോള്‍, കുമാരനാശാന്‍, ചങ്ങമ്പുഴ എന്നിവരുടെ പാരമ്പര്യവും പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരുടെ ശക്തി സൗന്ദര്യവും, വയലാര്‍, പി. ഭാസ്‌കരന്‍ എന്നിവരുടെ വിപ്ലവ പാരമ്പര്യവും സ്വായത്തമാക്കിക്കൊണ്ട് മലയാള കാവ്യലോകത്തെ സൂര്യതേജസ്സായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒ. എന്‍. വി. യെ തേടിയെത്തിയ എഴുത്തച്ഛന്‍ പുരസ്‌കാരം അദ്ദേഹം എഴുത്തച്ഛന്റെ കൂടി പിന്‍ഗാമിയാണെന്ന് സാക്ഷ്യപ്പെടുത്തി.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സ്മരണികയിലേക്ക് ഒരു കവിതക്കായ് പ്രൊഫ. വി മധുസൂദന്‍ നായരുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം അയച്ചുതന്ന കവിത “സ്വസ്തി”യായിരുന്നു. തന്റെ ഇഷ്ട ഗുരുവായ ഒ. എന്‍. വി. ക്ക് വേണ്ടി സമര്‍പിച്ച കവിത. ഒ. എന്‍. വി. യെ കുറിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതി
“ഒ. എന്‍. വി. കുറുപ്പ് എന്തു തന്നുവെന്ന് വരും തലമുറയോട് ചോദിച്ചാല്‍ അവര്‍ പറയും എന്തിലും ഏതിലും സൗന്ദര്യം കാണാന്‍ കണ്ണുതന്നു. സ്വാതന്ത്ര്യത്തെ അറിയാന്‍ മനസ്സുതന്നു. അന്യ ദു:ഖത്തില്‍ കണ്ണുനിറയാന്‍ കണ്ണീരു തന്നു. അനീതിക്കെതിരെ ശബ്ദിക്കാന്‍ വാക്കിന്റെ മൂര്‍ച്ച തന്നു. ഇന്നലെകളുടെ സ്വരോച്ചാരണങ്ങളുടെ മുഴുവന്‍ ഛന്ദസ്സു തന്നു. അതിനുവേണ്ടി കാവലിരിക്കാന്‍ ഉണര്‍വു തന്നു. “പ്രൊഫ. വി മധുസൂദനന്‍ നായരുടെ ഈ വാക്കുകള്‍ എത്ര ഉചിതം!

Latest