Connect with us

Editorial

നവമാധ്യമ സ്വാതന്ത്ര്യ സമരത്തിന്റെ വിജയം

Published

|

Last Updated

ഇന്റര്‍നെറ്റ് സമത്വം ഉറപ്പ് വരുത്താനുള്ള മുറവിളികള്‍ ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിനെ കുത്തകവത്കരിക്കാനുള്ള സ്വകാര്യ കമ്പനികളുടെ നീക്കത്തിന് ടെലികോം അതോറിറ്റി കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് വിവേചനരഹിതമായി എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്നുമാണ് ട്രായിയുടെ പ്രഖ്യാപനം. ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ക്കും ഇതര സേവനങ്ങള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന ടെലികോം സേവന ദാതാക്കളുടെ ആവശ്യം ട്രായ് തള്ളിയിരിക്കുന്നു. സൈബര്‍ പോരാളികളുടെ സന്ധിയില്ലാ സമരത്തില്‍ കണ്ണുതുറന്നാണെങ്കിലും ട്രായ് എടുത്ത ഈ നിലപാടിനെ സ്വാഗതം ചെയ്യാം. ഇന്ത്യന്‍ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ വളര്‍ച്ചയെ മൂച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ കുത്തകകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ് ഈ തീരുമാനം.

ഡാറ്റയുടെയോ സ്പീഡിന്റെയോ കാര്യത്തില്‍ ഒരു വിവേചനവും ഇല്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്നതാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് സമത്വത്തിന്റെ അടിസ്ഥാനതത്വം. ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ഇടപെടലില്ലാതെ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി ഏതൊരു വെബ്‌സൈറ്റും യഥേഷ്ടം തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി വിഭാവനം ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടെലിഫോണുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ രീതിയില്‍ നിന്ന് തന്നെയാണ് നെറ്റ്‌ന്യൂട്രാലിറ്റിയുടെയും ഉത്ഭവം. ടെലിഫോണ്‍ കണക്ഷന്‍ ഉള്ള ഒരാള്‍ക്ക് അതില്‍ നിന്ന് ഏത് നമ്പറിലേക്കും വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായല്ലാതെ ഈ കോളുകള്‍ നിയന്ത്രിക്കാന്‍ സേവനദാതാക്കള്‍ക്ക് അവകാശമില്ല. 1980കളുടെ അവസാനത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായിത്തുടങ്ങിയപ്പോള്‍ ഇതേ തത്വം തന്നെ അതിനും പിന്തുടരുകയായിരുന്നു.

ഈ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ചില കുത്തക കമ്പനികള്‍ നടത്തിയ ശ്രമമാണ് നെറ്റ് ന്യൂട്രാലിറ്റിയെ ചര്‍ച്ചാവിഷയമാക്കിയത്. റിലയന്‍സുമായി കൂട്ടുപിടിച്ച് ഫേസ്ബുക്ക് കൊണ്ടുവന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്, ഫ്രീ ബേസിക്‌സ് തുടങ്ങിയ പദ്ധതികള്‍ ഈ സമത്വം തകര്‍ക്കാനുള്ള ഒളിനീക്കങ്ങളായിരുന്നു. എയര്‍ടെല്‍ സീറോ എന്ന പദ്ധതിയുമായി എയര്‍ടെലും ഈ പാതയിലേക്ക് വന്നതോടെ ചതിക്കുഴി തിരിച്ചറിഞ്ഞ സൈബര്‍ പോരാളികള്‍ ശക്തമായ ചെറുത്തുനില്‍പ്പിനാണ് തുടക്കമിട്ടത്. നവമാധ്യമ ചരിത്രത്തിലെ സ്വാതന്ത്ര്യസമരമായി ഈ സമര പരമ്പരകള്‍ വിശേഷിപ്പിക്കപ്പെട്ടു.
ചൂണ്ടയിടുന്ന മീന്‍പിടുത്തക്കാരന്റെ കൗശലത്തോടെയാണ് ഇന്റര്‍നെറ്റിന് കൂച്ചുവിലങ്ങിടാന്‍ കമ്പനികള്‍ നീക്കം നടത്തിയത്. തുടക്കത്തില്‍ ചില വെബ്‌സൈറ്റുകള്‍ സൗജന്യമായി നല്‍കി ജനങ്ങളെ ഇതിലേക്ക് ആകൃഷ്ടരാക്കുകയും ശേഷം ഇന്റര്‍നെറ്റിനെ മുറിച്ച് വില്‍ക്കുകയും ചെയ്യാമെന്നായിരുന്നു കമ്പനികളുടെ സ്വപ്‌നം. ഇത് തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നതാണ് ഈ സമരപരമ്പരകളുടെ വിജയകാരണം. ട്രായ് തന്നെ ഒരു ഘട്ടത്തില്‍ ഇതിന് പിന്‍വാതില്‍ പിന്തുണ നല്‍കിയെങ്കിലും അത് പോലും പിടിക്കപ്പെട്ടു.

കോടികളുടെ മൂലധനശേഖരമാണ് നെറ്റ് ന്യൂട്രാലിറ്റിയെ തകര്‍ക്കുന്നതിലൂടെ കമ്പനികള്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്റര്‍നെറ്റിലെ ഓരോ സേവനത്തിനും പ്രത്യേകം പ്രത്യേകം ചാര്‍ജ് ഈടാക്കി ഇന്റര്‍നെറ്റിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനായിരുന്നു ശ്രമം. ഇതിലൂടെ തങ്ങളുടെ അക്കൗണ്ട് കൊഴുപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടി. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് പൊതുജന നിലപാട് ശേഖരിക്കാന്‍ ട്രായ് നടത്തിയ തെളിവെടുപ്പിനെപ്പോലും വഴിതിരിച്ചുവിടാന്‍ കുത്തകകമ്പനികള്‍ ചതിവലകള്‍ ഒരുക്കിയെന്നത് അവരുടെ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നതാണ്. ട്രായ് നിലപാട് അനുകൂലമാക്കാന്‍ അവസാന നിമിഷം വരെ കമ്പനികള്‍ ശ്രമിച്ചിട്ടിട്ടുണ്ടെന്നത് വ്യക്തം. പക്ഷേ, ഒരു ജനകീയ സമരത്തോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ ട്രായ്ക്ക് സാധിക്കുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് നെറ്റ് ന്യൂട്ടാലിറ്റിയുടെ പരിരക്ഷക്കായി ട്രായ് ഉത്തരവ് പുറത്തിറക്കിയത്.

ഏതായാലും, ട്രായിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ ആശാവഹമാണ്. നെറ്റ് ന്യൂട്രാലിറ്റിയുടെ പരിരക്ഷക്ക് ഇന്ത്യയില്‍ നിയമമില്ല എന്നതാണ് കുത്തകള്‍ക്ക് പ്രചോദനം നല്‍കുന്നത്. നെറ്റ് സ്വാതന്ത്ര്യം സംബന്ധിച്ച് പല ഘട്ടങ്ങളിലായി ട്രായ് പൊതുജനങ്ങളുടെ നിലപാടുകള്‍ ആരാഞ്ഞിരുന്നെങ്കിലും നിയമപരമാക്കാന്‍ ഇതുവരെ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റു പല വിദേശരാജ്യങ്ങളിലും ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള ഒരു നിയമനിര്‍മാണത്തിന് സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഇന്റര്‍നെറ്റ് രംഗം കുറ്റമറ്റതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അത് അനിവാര്യമാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കുമെന്ന് ട്രായ് പറയുന്നുണ്ട്. ഈ പുനഃപരിശോധന കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി പരിരക്ഷിക്കാന്‍ നിയമ നിര്‍മാണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കും വരെ നമ്മള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ട്രായ് നിലപാട് നിരാശാജനകമാണെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. പുതിയ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്തുതരം ഒളിയമ്പാണ് സുക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. അതിനാല്‍ നാം സദാജാഗ്രത പാലിച്ചേ മതിയാകൂ.

Latest