Connect with us

International

സിറിയന്‍ ആഭ്യന്തര യുദ്ധം:ഒബാമയും പുടിനും ഫോണ്‍ വഴി ചര്‍ച്ച നടത്തി

Published

|

Last Updated

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്തുന്നത് സംബന്ധിച്ച് ഫോണില്‍ സംസാരിച്ചു. സിറിയയില്‍ ശക്തമായി കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ രണ്ട് നേതാക്കളും ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ നേതാവ് പുടിനെ അമേരിക്ക മുന്‍കൈയെടുത്താണ് ഫോണില്‍ വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും റഷ്യയും നടത്തുന്ന ഇസില്‍ വിരുദ്ധ യുദ്ധം ഏകോപിപ്പിച്ച് തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത റഷ്യന്‍ പ്രസിഡന്റ് ഊന്നിപ്പറഞ്ഞുവെന്ന് ദി ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി പറഞ്ഞു. ഈ വിഷയത്തില്‍ ഇരു നേതാക്കളും കരാറിലെത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച മൂണിക്കില്‍ ലോക നേതാക്കള്‍ ചേര്‍ന്ന് സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് പരിഹാരം തേടി ചര്‍ച്ചകള്‍ നടത്തുകയും മാനുഷിക പരിഗണനകളുടെ ഭാഗമായി വരും ആഴ്ചയില്‍ താത്കാലിക വെടിനിര്‍ത്തലിലെത്താന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു.