Connect with us

International

മൂന്ന് ഫലസ്തീന്‍ കൗമാരക്കാരെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി

Published

|

Last Updated

ജറൂസലം: വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നു. ഇന്നലെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി മൂന്ന് ഫലസ്തീന്‍ കൗമാരക്കാരെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ ജനീനിലെ അറാഖയിലാണ് ആദ്യ സംഭവം. ഇവിടെ 15 വയസ്സുള്ള രണ്ട് ഫലസ്തീന്‍ കൗമാരക്കാരെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. തങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമാക്കി വന്നപ്പോഴാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ആരോപിക്കുന്നത്. വെസ്റ്റ് ജനീനില്‍ വാഹനത്തിന് നേരെ ആക്രമണം നടത്തിയപ്പോഴാണ് ഇവര്‍ക്ക് നേരെ വെടിവെച്ചതെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിഹാദ് റാഅദ് വഖീദ്, ഫുആദ് മര്‍വാന്‍ വഖീദ് എന്നീ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ മാസ്മുരിയ ചെക് പോയിന്റിന് സമീപത്ത് വെച്ച് 17 വയസ്സുള്ള മറ്റൊരു ഫലസ്തീന്‍ കൗമാരക്കാരനെയും ഇസ്‌റാഈല്‍ സൈന്യം വകവരുത്തി. ഈ സംഭവത്തിലും ആക്രമണത്തിന് മുതിര്‍ന്നപ്പോഴാണ് വെടിവെച്ചു കൊന്നതെന്നാണ് ഇസ്‌റാഈല്‍ വിശദീകരണം. ബത്‌ലഹേമിന് വടക്ക്കിഴക്കുള്ള ആബിദയ്യയില്‍ നിന്നുള്ള നഈം അഹ്മദ് സാഫിയാണ് കൊല്ലപ്പെട്ട കൗമാരക്കാരന്‍.
കഴിഞ്ഞ ദിവസം ഹെബ്‌റോണില്‍ 17 വയസ്സുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെയും ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 176 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. 27 ഇസ്‌റാഈലുകാരും വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടു.

---- facebook comment plugin here -----

Latest