Connect with us

National

ലൈംഗിക പീഡനം: ടെറി ഡയറക്ടര്‍ പച്ചൗരിക്കെതിരെ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി) ഡയറക്ടറും നൊബേല്‍ ജേതാവുമായ ആര്‍ കെ പച്ചൗരിക്കെതിരെ ഡല്‍ഹി പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. 500 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്.
ഒരു വര്‍ഷം മുമ്പ് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിന്‍മേലുള്ള കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. പച്ചൗരി തന്നെ വാക്കുകളിലൂടെയും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അനുവാദമില്ലാതെ പച്ചൗരി തന്നെ സ്പര്‍ശിച്ചെന്നു ചൂണ്ടിക്കാട്ടി ഗുഡ്ഗാവ് ഓഫീസിലെ സഹപ്രവര്‍ത്തകയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള എസ് എം എസ്, വാട്‌സ് ആപ്, ഇ മെയില്‍ സന്ദേശങ്ങളിലൂടെ പച്ചൗരി ശല്യപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മറ്റു സഹപ്രവര്‍ത്തകരായ യുവതികളോടും അദ്ദേഹം മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പീഡനത്തെ തുടര്‍ന്ന് രാജിക്കത്ത് നല്‍കിയെങ്കിലും അതിനുശേഷം അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കിയ യുവതി കഴിഞ്ഞ ദിവസം ഈ കത്ത് പുറത്തുവിട്ടിരുന്നു.
പച്ചൗരിക്കെതിരെ ഉയരുന്ന രണ്ടാമത്തെ ലൈംഗികാരോപണമാണിത്. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ മറ്റൊരു സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പച്ചൗരി കുറ്റക്കാരനാണെന്ന് ടെറി ആഭ്യന്തര കമ്മിറ്റി കണ്ടെത്തിയിരുന്നു.

Latest