Connect with us

National

'എന്റെ മകനെ കേസില്‍ കുടുക്കിയത് ഹിന്ദുത്വ അജന്‍ഡ എതിര്‍ത്തതിനാല്‍': കന്‍ഹയ്യയുടെ പിതാവ്

Published

|

Last Updated

കന്‍ഹയ്യയുടെ കുടുംബം

പാറ്റ്‌ന/ന്യൂഡല്‍ഹി: തന്റെ മകനെ കേസില്‍ കുടുക്കിയത് ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ത്തത് കൊണ്ട് മാത്രമാണെന്ന് പിതാവ് ജയശങ്കര്‍ പറഞ്ഞു. “രോഹിത് വെമുലയുടെ ആത്മഹത്യയടക്കമുളള വിഷയങ്ങളില്‍ അവന്‍ നിരവധി പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ നയങ്ങളെ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ശിക്ഷയാണ് മകന് ഇപ്പോള്‍ അവര്‍ നല്‍കുന്നത്. അവന് ഒരിക്കലും ദേശവിരുദ്ധനാകാന്‍ കഴിയില്ല”- ജയശങ്കര്‍ ഗദ്ഗദകണ്ഠനായി പറഞ്ഞു.
മകനെ ദയവായി തീവ്രവാദിയെന്ന് വിളിക്കരുതെന്ന് കന്‍ഹയ്യയുടെ മാതാവ് പറഞ്ഞു. തന്റെ മകന്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘടനാ നേതാക്കളെ ലശ്കര്‍ ചാരന്‍മാരായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം ടി വിയില്‍ കാണവേയാണ് മാതാവിന്റെ പ്രതികരണം. കന്‍ഹയ്യയുടെ വീട് ബീഹാറിലെ ബിഗുസറായി ജില്ലയിലാണ്. ഇവിടെ മാതാവും കുടുംബാംഗങ്ങളുമെല്ലാം വലിയ ആശങ്കയിലാണ്. കന്‍ഹയ്യയെ കുറിച്ച് പ്രചരിക്കുന്ന പച്ച നുണകള്‍ അവരെ ഞെട്ടിക്കുന്നു. കുടുംബാംഗങ്ങള്‍ മുഴുവന്‍ ടി വിക്ക് മുന്നിലാണ്. ഞങ്ങള്‍ നിരന്തരം ടി വി കണ്ടുകൊണ്ടിരിക്കുകയാണ്. പോലീസ് അവനെ മര്‍ദിക്കുമോയെന്നാണ് പേടി. ഇല്ലായിരിക്കാം. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അവന്‍ ഒരിക്കലും മാതാപിതാക്കളെ നിന്ദിച്ചിട്ടില്ല. രാഷ്ട്രത്തെ മറന്നിട്ടില്ല. അവനെ തീവ്രവാദിയെന്ന് വിളിക്കരുത്. അവന് അങ്ങനെയാകാന്‍ കഴിയില്ല- കന്‍ഹയ്യയുടെ മാതാവ് മീനാ ദേവി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മാസത്തില്‍ 3,500 രൂപ മാത്രം വരുമാനമുള്ള അങ്കണ്‍വാടി ഹെല്‍പര്‍ ആണ് മീനാ ദേവി. 65കാരനായ പിതാവ് ജയശങ്കര്‍ സിംഗ് കടപ്പിലാണ്. മൂത്ത മകന്‍ മണികാന്ത് പണിക്ക് പോയാണ് കുടുംബത്തെ പോറ്റുന്നത് . കഴിഞ്ഞ സെപ്തംബറിലാണ് കന്‍ഹയ്യ 1,029 വോട്ടുകള്‍ നേടി ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റായത്. മണികാന്തിനെ കൂടാതെയുള്ള സഹോദരന്‍ പ്രിന്‍സ് മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ കുടുംബം തലമുറകളായി സി പി ഐ അനുഭാവികളാണെന്ന് പ്രിന്‍സ് പറഞ്ഞു. ബറൗണിയിലെ ആര്‍ കെ സി ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം 2004ല്‍ പാറ്റ്‌ന കോളജ് ഓഫ് കോമേഴ്‌സില്‍ ചേര്‍ന്ന കന്‍ഹയ്യ നളന്ദ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. തുടര്‍ന്ന് 2011ല്‍ എം ഫില്ലിനായി ജെ എന്‍ യുവില്‍ ചേരുകയായിരുന്നു. ജെ എന്‍ യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ മൂന്നാം വര്‍ഷ പി എച്ച് ഡി വിദ്യാര്‍ഥിയാണിപ്പോള്‍.

Latest