Connect with us

Business

സ്വര്‍ണം ഈ വര്‍ഷത്തെ ഉയര്‍ന്ന റേഞ്ചില്‍; ഇന്ത്യന്‍ കുരുമുളക് നേട്ടത്തില്‍

Published

|

Last Updated

കൊച്ചി: റബ്ബറിന് നേരിട്ട വില തകര്‍ച്ചയും പ്രതികൂല കാലാവസ്ഥയും മുന്‍ നിര്‍ത്തി കര്‍ഷകര്‍ തോട്ടങ്ങളില്‍ നിന്ന് അകലുന്നു. റബ്ബര്‍ മരങ്ങളില്‍ യീല്‍ഡ് ചുരുങ്ങിയതിനാല്‍ ഇനി വേനല്‍ മഴയുടെ വരവോടെ ടാപ്പിംഗ് പുനരാരംഭിക്കാമെന്ന നിലപാടിലാണവര്‍. വിദേശ മാര്‍ക്കറ്റുകളിലെ വില തകര്‍ച്ച മൂലം ആഭ്യന്തര അവധി നിരക്കുകള്‍ ഏഴ് വര്‍ഷത്തെ താഴ്ന്ന വിലയായ 9000 രൂപയിലെത്തി. അവധി നിരക്കുകള്‍ ഇടിഞ്ഞതിനാല്‍ ടയര്‍ വ്യവസായികള്‍ റെഡി ചരക്ക് വില വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. നാലാം ഗ്രേഡ് ഷീറ്റ് 9100 രൂപയിലും അഞ്ചാം ഗ്രേഡ് 8800 ലുമാണ്. മാര്‍ച്ച് മുതല്‍ തായ്‌ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും റബ്ബര്‍ കയറ്റുമതി നിയന്ത്രിക്കുമെന്ന പ്രഖ്യാപനം വ്യവസായികളില്‍ കാര്യമായ സ്വാധീനം ഉളവാക്കിയില്ല.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിയറ്റ്‌നാമിലെ കുരുമുളക് കയറ്റുമതിക്കാര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്ന് പിന്‍മാറി. അവരുടെ പിന്‍മാറ്റം പുതിയ വ്യാപാര കരാറുകള്‍ക്ക് അവസരം ഒരുക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍. ഈസ്റ്റര്‍ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് സംഭരിക്കുന്ന തിരക്കിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.
വിയറ്റ്‌നാം രംഗം വിട്ടതിനിടയില്‍ ഇന്ത്യയില്‍ കുരുമുളക് വില ക്വിന്റലിന് 1300 രൂപ ഉയര്‍ന്നു. ഇത് പുതിയ കരാറുകള്‍ക്ക് അവസരം ഒരുക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് വില ടണ്ണിന് 9500 ഡോളറാണ്. ഈ വിലക്ക് പുതിയ കച്ചവടങ്ങള്‍ ഉറപ്പിച്ചതായി സൂചനയില്ല. വിപണി വിലയേക്കാള്‍ താഴ്ത്തി ക്വട്ടേഷന്‍ ഇറക്കാന്‍ ചില കയറ്റുമതിക്കാര്‍ നീക്കം നടത്തി.
ദക്ഷിണേന്ത്യയില്‍ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള പുതിയ ചരക്ക് വരവ് നിത്യേനെ ഉയരുകയാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 63,400 രൂപയില്‍ നിന്ന് 64,700 രൂപയായി. കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തിയെങ്കിലും ഇത് വിപണിയില്‍ കാര്യമായ ചലനം ഉളവാക്കിയില്ല. എന്നാല്‍ നിരക്ക് ഉയരുമെന്ന പ്രതീക്ഷയില്‍ പുതിയ ചരക്ക് ഇറക്കുന്നതില്‍ കര്‍ഷകര്‍ നിയന്ത്രണം വരുത്തി. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കൊപ്ര വരവ് ചുരുങ്ങിയതോടെ വില 5725 ല്‍ നിന്ന് 5820 ലേക്ക് കയറി. വെളിച്ചെണ്ണ വില 8350 രൂപയില്‍ നിന്ന് 8500 രൂപയായി.
സ്വര്‍ണ വില കുതിച്ചു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 20,680 ല്‍ നിന്ന് 21,200 രൂപയായി. ലണ്ടനില്‍ ഒരൗണ്‍സ് 1175 ഡോളറില്‍ നിന്ന് ഒരവസരത്തില്‍ 1263 ലേക്ക് മുന്നേറിയ ശേഷം 1137 ഡോളറിലാണ്.