Connect with us

National

നേതാജിയുടെ കൂടുതല്‍ രഹസ്യ രേഖകള്‍ പുറത്തുവിടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രഹസ്യ വിവരങ്ങളുടെ രണ്ടാം ഘട്ടം പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 25ല്‍പരം വരുന്ന രഹസ്യ വിവരങ്ങളുടെ ഫയല്‍ ഈ മാസം സര്‍ക്കാര്‍ പുറത്തുവിടുമെന്ന് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. 25ല്‍പരം രഹസ്യ ഫയലുകള്‍ എല്ലാ മാസവും സര്‍ക്കാര്‍ പുറത്തുവിടുന്നതിന് തയ്യാറെടുത്തു വരികയാണ്. ഈ മാസം പുറത്തുവിടുന്നതിനുള്ള ഫയലുകള്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഓരോ മാസവും നാഷനല്‍ ആര്‍ച്ചീവ് ഓഫ് ഇന്ത്യയുടെ സഹായത്തോടെ സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേതാജിയുടെ 119ാം ജന്മ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം പ്രധാനമന്ത്രി നിരവധി രഹസ്യ ഫയലുകള്‍ പുറത്തുവിട്ടിരുന്നു. ബാക്കിയുള്ളവ പിന്നീട് പുറത്തുവിടുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
ഈ മാസം പുറത്തുവിടുന്ന ഫയലുകള്‍ 23ന് പുറത്തുവിടുമെന്നും ഇനി എല്ലാ മാസവും 23ന് രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. 16,600പരം പേജുകളുള്ള ബ്രിട്ടീഷ് വിരുദ്ധ ചരിത്ര രേഖകളുടെ പുസ്തകമായിരുന്നു കഴിഞ്ഞ മാസം പ്രധാനമന്ത്രി പുറത്തുവിട്ടിരുന്നത്. പുറത്തുവിടുന്ന രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിനുമായി നാഷനല്‍ ആര്‍ചിക് ഓഫ് ഇന്ത്യയുടെ കീഴില്‍ വൈബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബോസിന്റെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷമാണ് നേതാജിയുമായി തിരോധാനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ പക്കലുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൂന്ന് കമ്മീഷനുകള്‍ നിശ്ചയിച്ചിരുന്നു. രണ്ട് കമ്മീഷനുകള്‍ 1945 ഓഗസ്റ്റ് 18ന് നടന്ന വിമാനപകടത്തില്‍ ബോസ് കൊല്ലപ്പെട്ടുവെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍ ജസ്റ്റിസ് എം കെ മുഖര്‍ജി അധ്യക്ഷനായ കമ്മീഷന്‍ വിമാനാപടകത്തിനു ശേഷവും നേതാജി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Latest