Connect with us

Kerala

ഷിബു ബേബി ജോണിന്റെ ഖേദപ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സോളാര്‍ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: മന്ത്രി ഷിബു ബേബി ജോണിന്റെ ഖേദപ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സോളാര്‍ കമ്മീഷന്‍. മന്ത്രിസ്ഥാനത്തിരിക്കുന്നയാള്‍ ഇങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. മറ്റുള്ളവരും തെറ്റ് ആവര്‍ത്തിക്കാന്‍ ഇതിടയാക്കുമെന്നും സോളാര്‍ കമ്മീഷന്‍ പറഞ്ഞു. ഇതിനെയൊക്കെ കവല പ്രസംഗമായി കാണാന്‍ ആകില്ലെന്നും കമ്മീഷന്‍ സൂചിപ്പിച്ചു. കൊല്ലത്ത് ഒരു വേദിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ സോളാര്‍ കമ്മീഷനെ ആക്ഷേപിക്കുന്ന തരത്തില്‍ ഷിബു ബേബി ജോണ്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.

ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍ വായിനോക്കിയാണെന്നും അവിടെ പോകരുതെന്നും, മുഖ്യമന്ത്രിയുടെ സമയം കണ്ട വായിനോക്കികളുടെ അടുത്ത് കളഞ്ഞു എന്ന പരാമര്‍ശങ്ങള്‍ ഗുരുതരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഖേദപ്രകടനത്തിലും ഗുരുതരമായ പിഴവുണ്ടെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.സോളാര്‍ കമ്മീഷനെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സോളാര്‍ കമ്മീഷനെ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശങ്ങളെന്ന് ഷിബു ബേബി ജോണ്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
സോളാര്‍ കമ്മീഷനില്‍ ഹാജരാകാതിരുന്ന സരിതയുടെ നടപടിയേയും കമ്മീഷന്‍ വിമര്‍ശിച്ചു. സരിത ഹാജരാകാത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോ എന്നും കമ്മീഷന്‍ ആരാഞ്ഞു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് കമ്മീഷന് മുന്നില്‍ ഹാജരാകില്ലെന്ന് സരിത കമ്മീഷനെ അറിയിച്ചിരുന്നു. സരിതയെ വിസ്തരിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റിയിട്ടുണ്ട്. സരിതയുടെ അഭിഭാഷകന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി.

Latest