Connect with us

Gulf

ഖത്വറില്‍ തൊഴില്‍ നഷ്ടപ്പെട്ടത് അഞ്ഞൂറിലധികം ഫിലിപ്പിനോകള്‍ക്ക്

Published

|

Last Updated

ദോഹ: എണ്ണവിലക്കുറവിനെത്തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം തൊഴില്‍ നഷ്ടപ്പെടുത്തിയ ഫിലിപ്പൈന്‍ സ്വദേശികള്‍ 500 ലധികം. ഇതില്‍ മുപ്പതോളം നഴ്‌സുമാരും ഉള്‍പ്പെടും. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഖത്വറിലെ ഫിലിപ്പൈന്‍ അംബാസിഡര്‍ വില്‍ഫ്രെഡോ സാന്റോസ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മധ്യവയസ്സു പിന്നിട്ടവരെയാണ് ഇതു കാര്യമായി ബാധിച്ചത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹെല്‍ത്ത് സെന്ററുകളില്‍ ജോലി ചെയ്തുവരികയായിരുന്ന നഴ്‌സുമാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ജോലി പോയവരില്‍ മിക്കവരും 55 വയസിനുമുകളില്‍ പ്രായമുള്ളവരാണ്. മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിന് അവസരം നല്‍കി ഇവര്‍ക്ക് രണ്ടു മാസത്തെ ടെര്‍മിനേഷന്‍ നോട്ടീസാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആരും സന്നദ്ധമായിട്ടില്ലെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മിഡില്‍ ഈസ്റ്റില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് ഫിലിപ്പൈന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി വിവിധ ഫിലിപ്പൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പത്തുലക്ഷത്തോളം പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേര്‍ക്കാണ് അടുത്തിടെ ഖത്വറില്‍ തൊഴില്‍ ഇല്ലാതായത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സിദ്‌റ ആശുപത്രി, ഖത്വര്‍ പെട്രോളിയം, ഖത്വര്‍ റയില്‍, റാസ് ഗ്യാസ്, മെര്‍സ്‌ക് ഓയില്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമായി. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള ക്രമീകരണമാണെന്നാണ് ഔദ്യോഗിക വിശദീകരണം.