Connect with us

National

ജമ്മു കാശ്മീരിലെ അനിശ്ചിതത്വം: ബി ജെ പി കേന്ദ്ര നേതൃത്വം ഇടപെടുന്നു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ തുടരുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഇതിനായി പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തിയുമായി സംസാരിക്കുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ ചുമതലപ്പെടുത്തിയ രാം മാധവ് ഇന്ന് ജമ്മു കാശ്മീരില്‍ എത്തുമെന്നാണ് കരുതുന്നത്.
ജമ്മു കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം മാധവിനെ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയതായി ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് തുടരുന്ന ഭരണ സ്തംഭനം പരിഹരിക്കാന്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ചില ഉറപ്പുകള്‍ ലഭിക്കണമെന്ന് പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. പിതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദിന്റെ 40 ദിവസത്തെ ദുഃഖാചരണം പൂര്‍ത്തിയാകുന്നതുവരെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ബി ജെ പിയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു.
ജനുവരി ഏഴിന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മുഹമ്മദ് സഈദ് അന്തരിച്ചിട്ട് ഇന്നലത്തേക്ക് 40 ദിവസം പൂര്‍ത്തിയായി. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് ജനവരി എട്ട് മുതല്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ് നിലനില്‍ക്കുന്നത്. ബി ജെ പിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ മുന്‍കൈക്ക് വേണ്ടിയാണ് ഇപ്പോള്‍ മെഹ്ബൂബ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി രാം മാധവുമായി അവര്‍ നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാണ്. അതേസമയം, പി ഡി പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കടുംപിടിത്തങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ബി ജെ പി.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബി ജെ പിയുമായി ചേര്‍ന്ന് മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തില്‍ പി ഡി പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. 2015 മാര്‍ച്ച് ഒന്നിന്് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ വര്‍ഷം ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതോടെയാണ് സംസ്ഥാനത്ത് ഭരണ അനിശ്ചിതത്വം ആരംഭിച്ചത്.