Connect with us

Gulf

സ്വദേശികളുടെ ക്ഷേമത്തിനായുള്ള ക്യാബിനറ്റിന്റെ പ്രവര്‍ത്തനം തുടരും-ജനറല്‍ ശൈഖ് മുഹമ്മദ്

Published

|

Last Updated

യു എ ഇ ക്യാബിനറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും

ദുബൈ: സ്വദേശികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തമായി തുടരുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. പുതിയ ക്യാബിനറ്റിലെ യുവരക്തമുള്ള മന്ത്രിമാര്‍ രാജ്യത്തിന്റെ പുരോഗതിക്കൊപ്പം പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും സ്വദേശി ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ ക്യാബിനറ്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനറല്‍ ശൈഖ് മുഹമ്മദ്. വരും തലമുറക്കായി അനന്തമായ അഭിലാഷങ്ങളാണ് പുതിയ ക്യാബിനറ്റിനുമേലുള്ളത്.

രാജ്യം പുരോഗതിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ക്യാബിനറ്റിന്റെ മികച്ച പ്രവര്‍ത്തനം ഏറെ വിലപ്പെട്ടതാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിന് കീഴില്‍ ശോഭനമായ ഭാവിക്കായാണ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ മന്ത്രിസഭ എല്ലാ സ്വദേശികളുടെയും അഭിമാനമാണ്. യുവാക്കളുടെ ശാക്തീകരണമാണ് മന്ത്രിസഭയുടെ സുപ്രധാനമായ ദൗത്യം. 22 വര്‍ഷം പ്രായമായ ക്യാബിനറ്റ് സംവിധാനം സൗഹാര്‍ദത്തിന്റെയും സന്തോഷത്തിന്റെയും പ്രതിരൂപമാണ്. രാജ്യത്തിനായി സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്നത് രാജ്യസ്‌നേഹിയായ ഏതൊരാള്‍ക്കും അഭിമാനകരമായ കാര്യമാണെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.