Connect with us

Gulf

ലേബര്‍ സിറ്റിയിലെ സൗകര്യങ്ങളില്‍ ആശ്ചര്യപ്പെട്ട് അന്താരാഷ്ട്ര മാധ്യമസംഘം

Published

|

Last Updated

ദോഹ: മിസൈമിറിലെ പുതിയ ലേബര്‍ സിറ്റിയിലെ പശ്ചാത്തല സൗകര്യങ്ങളില്‍ അത്ഭുതം പ്രകടിപ്പിച്ച് ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് പ്രസ്സ് അസോസിയേഷന്‍ (ഐപ്‌സ്) അംഗങ്ങള്‍. ദോഹയില്‍ നടന്ന 79 ാമത് ഐപ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും മാധ്യമപ്രതിനിധികളും ലേബര്‍ സിറ്റി സന്ദര്‍ശിച്ചു.
ഒരു ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളാണ് ലേബര്‍ സിറ്റിയില്‍ ഖത്വര്‍ ഭരണകൂടം ഒരുക്കിയത്. ക്രിക്കറ്റ് പിച്ച്, മാള്‍, തിയേറ്റര്‍, ദോഹയിലെ രണ്ടാമത്തെ വലിയ മസ്ജിദ് തുടങ്ങിയ സൗകര്യങ്ങള്‍ ലേബര്‍ സിറ്റിയില്‍ ഉണ്ട്. ആവശ്യത്തിന് വിസ്താരമുള്ള മുറിയില്‍ നാല് തൊഴിലാളികള്‍ക്ക് താമസിക്കാം. വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്ക് അനുസരിച്ച വിഭവങ്ങള്‍ തയ്യാറാക്കിയ കഫ്റ്റീരിയയില്‍ നിന്ന് ഭക്ഷണം കഴിക്കാം. ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങളില്‍ തൊഴിലാളികളുടെ മനുഷ്യാകാശം കവരുന്നു എന്ന് നിശിതമായി വിമര്‍ശിക്കുന്നവര്‍ ദോഹ സന്ദര്‍ശിക്കണമെന്നാണ് വെറ്ററന്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഗയ് സിത്‌റകിന് പറയാനുള്ളത്. കേട്ടതുപോലെയല്ല ഇവിടുത്തെ കാഴ്ചകള്‍. ഖത്വറിനെതിരെയുള്ള എല്ലാ മാധ്യമ ആരോപണങ്ങള്‍ക്കുമുള്ള മറുപടി പ്രയോഗതലത്തില്‍ നല്‍കിയിരിക്കുകയാണ് ഇവിടെ. എന്റെ അറിവില്‍ ലോകത്തെ ഏറ്റവും വലിയ സൗകര്യങ്ങളുള്ള ലേബര്‍ സിറ്റിയാണ് ഖത്വറിലേത്. ലോകകപ്പ് സംബന്ധമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭരണകൂടത്തിന്റെ ആത്മാര്‍ഥശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ സിറ്റിയിലെ വിനോദ സൗകര്യങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സാഹചര്യവും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ബ്രസീലിലെ ഗ്ലോബോ നെറ്റ്‌വര്‍കിന്റെ എഡിറ്റര്‍ ദിയാഗോ തിയസ് പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട ഖത്വറിലെ തൊഴിലാളികളുടെ അവസ്ഥ ഭീതിജനകമാണെന്ന വാര്‍ത്തകളാണ് ബ്രസീലിയന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് വരാറുള്ളത്. പക്ഷെ ഇവിടെ അങ്ങനെ ഒന്നും കേള്‍ക്കാനില്ല. വാര്‍ത്തകള്‍ക്കിടയില്‍ എന്തൊക്കെയോ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ജീവിതസാഹചര്യം ആനന്ദകരമാണെന്ന് സണ്‍ഡേ പീപ്പിളിലെ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ടോം ഹോപ്കിന്‍സണ്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് വന്ന തൊഴിലാളികള്‍ക്ക് ഒരുപക്ഷെ അവരുടെ നാടുകളില്‍ പോലും കിട്ടാത്ത സൗകര്യങ്ങളാണ് ഖത്വര്‍ ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് കമ്പം പിടിമുറുക്കിയ ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അവരുടെ രാഷ്ട്രങ്ങളില്‍ ഇതുപോലെയുള്ള ഒരു ക്രിക്കറ്റ് പിച്ച് ലഭിക്കുമോ? മോഹിപ്പിക്കുന്ന ക്രിക്കറ്റ് ഗ്രൗണ്ട് ആണ് ലേബര്‍ സിറ്റിയിലേത്. ക്രിക്കറ്റ് മാത്രമല്ല മറ്റ് കായികഇനങ്ങള്‍ക്കുമുള്ള സൗകര്യം അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.