Connect with us

Articles

ജെ എന്‍ യുവില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല

Published

|

Last Updated

അസഹിഷ്ണുത ഒരു സാംക്രമിക രോഗം പോലെ ഇന്ത്യന്‍ പൗരജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പടരുകയാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മബലി സവര്‍ണഹിന്ദുരാഷ്ട്രീയത്തിന്റെ അസഹിഷ്ണുതയിലേക്കും ഹിംസാത്മകതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. മൃണാളിനിസാരാഭായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മടിച്ചുനിന്നത് എന്തുകൊണ്ടാണ്? മൃണാളിനി സാരാഭായിയും അവരുടെ പുത്രി മല്ലിക സാരാഭായിയും ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കൊപ്പം നിന്ന് മോദിക്കെതിരെ പ്രതിഷേധിച്ചവരായിരുന്നു. ഭിന്നാഭിപ്രായങ്ങളും വിയോജിപ്പും വിമര്‍ശങ്ങളും ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണ്.
ഇപ്പോഴിതാ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയുടെ പേരില്‍ സംഘ്പരിവാര്‍ ഭീകരത അഴിച്ചുവിടുകയാണ്. അഫ്‌സല്‍ ഗുരു വധവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഭരണകൂടത്തിന്റെ നൈതിക നിലപാടുകളെ സംബന്ധിച്ച ഒരു സംവാദമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എ ബി വി പിക്കാര്‍ ക്യാമ്പസിലെ ചെറുന്യൂനപക്ഷമായ ഒരു വിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച സംവാദ പരിപാടിക്കുനേരെ ഋക്രമണം നടത്തുകയായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ സമാധാനിപ്പിക്കാന്‍ എത്തിയ യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാദമിക് തലങ്ങളില്‍ നടക്കുന്ന സംവാദങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ജെ എന്‍ യു സംഭവങ്ങള്‍ക്കു പിന്നില്‍ ലഷ്‌കറെ ത്വയ്യിബയും പാക്കിസ്ഥാനുമാണെന്നതു പോലുള്ള നുണപ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അക്കാദമിക് സമൂഹത്തെയും ക്യാമ്പസിലെ ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന ദേശീയ രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് സംഘ്പരിവാര്‍ ആരംഭിച്ചിരിക്കുന്നത്. സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനുനേരെ നടന്ന അക്രമവും യച്ചൂരിക്കുനേരെയുള്ള വധഭീഷണിയും ഫാസിസ്റ്റ് സംഘങ്ങളുടെ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള അഴിഞ്ഞാട്ടമാണ് കാണിക്കുന്നത്.
വിമര്‍ശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും അസഹിഷ്ണുതയോടെ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമായിരുന്നു മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചിക്കാന്‍ വിസമ്മതിച്ച പ്രധാനമന്ത്രിയുടെ നിലപാട്. മധ്യകാല മതപൗരോഹിത്യ വാഴ്ചക്കും ധര്‍മശാസ്ത്രങ്ങള്‍ക്കും എതിരായ അനുസ്യൂതമായ പോരാട്ടങ്ങളിലൂടെയാണ് ആധുനിക ജനാധിപത്യവും മതനിരപേക്ഷതയും ചരിത്രത്തിലേക്ക് കടന്നുവന്നത്. സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങളെയാണ് ജനാധിപത്യം സമൂഹമനസ്സിലേക്ക് പ്രസരിപ്പിച്ചത്. എതിര്‍ക്കാനും വിമര്‍ശിക്കാനും വ്യക്തികള്‍ക്ക് സ്വയം പ്രകാശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ. ആധുനിക ദേശരാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനം തന്നെ മതപൗരോഹിത്യ അധികാരത്തെ തിരസ്‌കരിക്കുന്ന മതനിരപേക്ഷതയാണ്.
മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ഭാഷയുടെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനങ്ങളൊന്നും പൗരന്മാര്‍ക്ക് അനുഭവിക്കേണ്ടതില്ലാത്ത രാഷ്ട്രീയ സംസ്‌കാരമാണ് ജനാധിപത്യ മതനിരപേക്ഷത മുന്നോട്ടുവെക്കുന്നത്. മതത്തെ പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിക്കുകയും മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രസങ്കല്‍പ്പത്തെ തിരസ്‌കരിക്കുകയുമാണ് മതനിരപേക്ഷത ചരിത്രത്തിലുടനീളം ചെയ്തിട്ടുള്ളത്. ആധുനിക മനുഷ്യന്റെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സാമൂഹിക വ്യവഹാരത്തെയും അസ്തിത്വത്തെയുമാണ് സഹിഷ്ണുത അടയാളപ്പെടുത്തുന്നത്. വിശ്വാസപരവും സാംസ്‌കാരികവുമായ ഭിന്നതകളെയും വ്യത്യാസങ്ങളെയും മാത്രമല്ല വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉള്‍ക്കൊള്ളുന്നതാവണം ജനാധിപത്യസമൂഹം എന്നാണ് മതനിരപേക്ഷ രാഷ്ട്രീയം വിഭാവനം ചെയ്യുന്നത്. ഇതിന് എതിര്‍ദിശയിലാണ് വരേണ്യമതവംശ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും പ്രവര്‍ത്തിച്ചിട്ടുള്ളത്. മുസോളിനിയും ഹിറ്റ്‌ലറും തുടങ്ങി ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റുകളും മതനിരപേക്ഷതക്കെതിരെ ഹാലിളകിയവരാണ്. മതനിരപേക്ഷതയെ അഭാരതീയവും കപടവുമായി അവതരിപ്പിക്കുന്ന സംഘ്പരിവാര്‍ ബുദ്ധിജീവികളും മതനിരപേക്ഷതയെ മതം പോലെ മറ്റൊരു മൗലികവാദമായി ആക്ഷേപിക്കുന്ന സ്വത്വരാഷ്ട്രീയവാദികളായ ഉത്തരാധുനിക പണ്ഡിതന്മാരും ഒരേപോലെ ജനാധിപത്യമെന്ന ബൃഹദാഖ്യാനത്തെ നിരസിക്കുകയാണല്ലോ.
നരേന്ദ്രമോദി ദേശീയാധികാരത്തിലെത്തിയതോടെ കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും ഒരു രാഷ്ട്രമെന്നനിലക്ക് ഇന്ത്യയിലെ ബഹുമതവിശ്വാസികളായ ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിനും ജനങ്ങളുടെ സമാധാനപരവും സൗഹൃദ പൂര്‍ണവുമായ ജീവിതത്തിനുംനേരെ നിരന്തരമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും വിസര്‍ജിക്കുകയും ഇണചേരുകയും ചെയ്യുന്നതുള്‍പ്പെടെ പൗരജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളെയും നിയന്ത്രിക്കാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജീര്‍ണമൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദുധര്‍മമെന്ന പേരില്‍ തങ്ങളുടെ ഫാസിസ്റ്റ് നിയമങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കാനുമാണ് സംഘ്പരിവാര്‍ അതിന്റെ പലപേരിലും രൂപത്തിലുമുള്ള സംഘടനാസംവിധാനങ്ങളെ രംഗത്തിറക്കിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങളും ധ്രുവീകരണവും സൃഷ്ടിച്ച് 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സംഘ്പരിവാര്‍ ശക്തികള്‍ കോര്‍പറേറ്റ് മൂലധന താത്പര്യങ്ങള്‍ക്കായി ഇന്ത്യന്‍ സമൂഹത്തെയും സംസ്‌കാരത്തെയും ആകെ ഫാസിസവത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്.
സവര്‍ണജാതിമേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനെതിരെ ചിന്തിക്കുന്നവരെയും സര്‍ഗ സൃഷ്ടിയിലേര്‍പ്പെടുന്നവരെയും ശാരീരികമായിതന്നെ ഇല്ലായ്മ ചെയ്യുന്ന ഹിംസാത്മകമായൊരു രാഷ്ട്രീയമാണ് രാജ്യമെമ്പാടും സംഘ്പരിവാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. മോദിയെ തിരഞ്ഞെടുപ്പ് കാലത്ത് വിമര്‍ശിച്ച ഇന്ത്യയുടെ വിശ്വപ്രസിദ്ധനായ സാഹിത്യകാരന്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുത്തതും അമേരിക്കയില്‍ സംഗീതകച്ചേരിക്കുപോയ വിശ്വപ്രസിദ്ധ ഇന്ത്യന്‍ ഗായിക ശുഭാമുഗ്ദലിനെ മോദിയെ തിരഞ്ഞെടുപ്പില്‍ എതിര്‍ത്തു എന്നതിന്റെ പേരില്‍ പാടാനനുവദിക്കാതിരുന്നതും സംഘ്പരിവാറിന്റെ അസഹിഷ്ണുതയുടെ ആദ്യപ്രകടനങ്ങളായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം പ്രചരിപ്പിച്ചു എന്നതിന്റെ പേരിലാണ് നരേന്ദ്രദാബോല്‍ക്കറെ കൊല ചെയ്തത്. “ആരാണ് ശിവജി” എന്ന പുസ്തകമെഴുതിയതിന്റെ പേരിലാണ് ഗോവിന്ദപന്‍സാരയെ കൊല ചെയ്തത്. കര്‍ണാടകയിലെ തലയെടുപ്പുള്ള എഴുത്തുകാരന്‍ എം എം കല്‍ബര്‍ഗിയെ വിഗ്രഹാരാധനയെ എതിര്‍ത്ത് പ്രസംഗിച്ചതിന്റെ പേരിലാണ് വെടിയുതിര്‍ത്ത് കൊന്നത്. മറ്റൊരു കന്നഡ എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയിലൊഴിച്ച് അപമാനിച്ചു. ജാതിമേല്‍ക്കൊയ്മക്കെതിരെ എഴുതിയതിന്റെ പേരില്‍ കര്‍ണാടകയിലെ യുവ എഴുത്തുകാരനായ ഹുചന്‍ഗിപ്രസാദിന്റെ കൈവെട്ടുകയാണ് ചെയ്തത്. ഗോവധത്തിന്റെ പേരില്‍ നടക്കുന്ന നരഹത്യകളെ അപലപിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ കന്നഡ എഴുത്തുകാരി ചേതനതീര്‍ത്ഥഹള്ളിയെ ബലാത്സംഗം ചെയ്യുമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. എഴുത്തുകാരുടെ ആശയാവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ട് രാജ്യമെമ്പാടും ഹിന്ദുത്വഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ്. വാല്മീകിയുടെ രാമായണത്തെക്കുറിച്ചുള്ള മാതൃഭൂമി പത്രത്തിലെ തന്റെ പരമ്പര സംഘപരിവാര്‍ ഭീഷണിമൂലം ഡോ എം എം ബഷീറിന് നിര്‍ത്തേണ്ടിവന്നു.
മുംബൈയിലും ഡല്‍ഹിയിലും വിശ്വപ്രസിദ്ധഗസല്‍ഗായകന്‍ ഗുലാംഅലിക്ക് കച്ചേരി നടത്താന്‍ അനുവദിക്കാതിരുന്നത് അസഹിഷ്ണുത മാത്രമല്ല സംഗീതത്തോടും കലയോടും സ്വതന്ത്രചിന്തയോടുമുളള അവരുടെ എതിര്‍പ്പ് എത്രമാത്രം സങ്കുചിതവും ഭീകരവുമാണെന്നുകൂടിയാണ് കാണിക്കുന്നത്. ഘര്‍വാപസി, ലൗ ജിഹാദ്, മീറ്റ് ജിഹാദ് എന്നെല്ലാമുള്ള പേരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നാടെമ്പാടും അഴിച്ചുവിടുകയാണ്. ന്യൂനപക്ഷ സമൂഹങ്ങളില്‍ ഭീതിപടര്‍ത്താനും വര്‍ഗീയകലാപങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണം രൂപപ്പെടുത്താനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഷിംലയിലും കാശ്മീരിലുമെല്ലാം ഗോക്കളെ കടത്തി എന്നതിന്റെ പേരില്‍ നടന്ന നരഹത്യകള്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന വിദേ്വഷപ്രചാരണത്തിന്റെ ദുരന്തഫലങ്ങളാണ്. ദാദ്രിയില്‍ വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ടാണ് മുഹമ്മദ്അഖ്‌ലാക്കിനെ പ്രാദേശിക ബി ജെ പി നേതാവ് വിശാല്‍റാണയുടെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം മൃഗീയമായി കൊലപ്പെടുത്തിയത്. ഷിംലയില്‍ ട്രക്കില്‍ കന്നുകാലികളെ കടത്തിയതിന്റെ പേരില്‍ കേസെടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂമാനെ തല്ലിക്കൊന്ന വര്‍ഗീയവാദികളെ അറസ്റ്റു ചെയ്യാന്‍പോലും തയ്യാറായില്ല. ബി ജെ പിക്കാരെ പോലെ കോണ്‍ഗ്രസുകാരും പശുവിന്റെ പേരില്‍ നടത്തുന്ന നരഹത്യകള്‍ക്കുത്തരവാദികളായവരെ സംരക്ഷിക്കുകയാണ്. നമ്മുടെ ദേശീയ മനസ്സാക്ഷിയെ ഞെട്ടിച്ച ദാദ്രി സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധമുയരുമ്പോഴാണ് കോണ്‍ഗ്രസ് വക്താവ് ദിഗ്‌വിജയ്‌സിംഗ് ഗോവധനിരോധ പ്രസ്താവന നടത്തി തങ്ങളുടെ മൃദു ഹിന്ദുത്വനിലപാട് ആവര്‍ത്തിച്ചത്.
സവര്‍ണജാതിരാഷ്ട്രീയത്തിന്റെ രാക്ഷസീയതയാണ് ഹരിയാനയിലെ ദളിത് കൂട്ടക്കൊലയിലൂടെ പുറത്തുവന്നത്. ആര്‍ എസ് എസ് പിന്തുണയുള്ള സവര്‍ണ രജപുത്രസംഘമാണ് ഹരിയാനയിലെ സുനാപേഡ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തത്. ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരെയും പിന്നാക്ക ജാതിക്കാരെയും വേട്ടയാടുന്ന സവര്‍ണജാതി പ്രത്യയശാസ്ത്രമാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം. ബെല്‍ച്ചി, പരാസ്ബീഗ, നാരായണപൂര്‍, ലക്ഷ്മണ്‍പൂര്‍ബാത്ത തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദളിതുകളെ ചുട്ടുകൊന്ന സവര്‍ണസേനക്കുപിറകില്‍ സംഘ്പരിവാര്‍ സംഘടനകളായിരുന്നു.
കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് വിശ്വഹിന്ദുപരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ എസ് എന്‍ ഡി പിയെ കൂട്ടുപിടിച്ച് മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തരഭീഷണിയും പരമശത്രുക്കളുമായി കാണുന്ന സംഘ്പരിവാര്‍ ദളിതരെയും പിന്നോക്ക ജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഉപാസകരാണ്.
സംവരണമുള്‍പ്പെടെ പിന്നാക്കവിഭാഗങ്ങളുടെയും ദളിതരുടെയും ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളെ എല്ലാകാലത്തും സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ത്തുപോന്നിട്ടുണ്ട്. 1989-ല്‍ വി പിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ സവര്‍ണകുമാരന്മാരെ തെരുവിലിറക്കി ആത്മാഹുതി നാടകങ്ങള്‍ വരെ സംഘടിപ്പിച്ചവരാണല്ലോ ബി ജെ പി നേതൃത്വം. ജനസംഖ്യയില്‍ 52 ശതമാനം വരുന്ന പിന്നാക്കസമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന 27 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ വി പിംഗ് സര്‍ക്കാര്‍ തീരുമാനമെടുത്തുപ്പോള്‍ മസ്ജിദ് പ്രശ്‌നമുയര്‍ത്തി മണ്ഡലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് സഹായത്തോടെ ബി ജെ പി ശ്രമിച്ചത്. വി പി സിംഗ് ഗവണ്‍മെന്റിനെ കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിലൂടെ അട്ടിമറിച്ചത്.
ഈ സമയത്താണ് സംഘ്പരിവാറിന്റെ പേരിലുള്ള എല്ലാ കേസുകളും കേരളത്തില്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയചാണക്യനായ ഉമ്മന്‍ ചാണ്ടിയുടെ സംഘ്പരിവാറിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്. ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ കേരളം പാകപ്പെട്ടാല്‍ ആദ്യം തകരുന്ന പാര്‍ട്ടി കോണ്‍ഗ്രസായിരിക്കും. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെല്ലാം അതിനുദാഹരണങ്ങളാണ്.

 

Latest