Connect with us

International

വിലയിടിവ്: നാല് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറക്കുന്നു

Published

|

Last Updated

റിയാദ്: സഊദി അറേബ്യ, ഖത്വര്‍, വെനിസ്വേല, റഷ്യ എന്നീ പ്രമുഖ നാല് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം മരവിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. മറ്റു എണ്ണ ഉത്പാദന രാജ്യങ്ങളും ഇതിന് തയ്യാറായി മുന്നോട്ടുവരികയാണെങ്കില്‍ ഉത്പാദനം മരവിപ്പിക്കാന് തയ്യാറാണെന്ന് നാല് രാജ്യങ്ങളും അറിയിച്ചു. ഇന്നലെ ദോഹയില്‍ നടന്ന നാല് രാജ്യങ്ങളിലെയും മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് പരിഹാരം കാണാനാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 2014 ജൂണില്‍ ഒരു വീപ്പക്ക് 116 ഡോളറായിരുന്നെങ്കില്‍ ഇപ്പോഴത് 70 ശതമാനം വരെ കുറഞ്ഞിരിക്കുകയാണ്. ആഗോള തലത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ അവരുടെ ഉത്പാദനവും വിതരണവും മരവിപ്പിക്കാതെ മുന്നോട്ടുപോയതോടെയാണ് അന്താരാഷ്ട്ര എണ്ണ മാര്‍ക്കറ്റില്‍ വില കുത്തനെ ഇടിയുന്നത്.
ജനുവരിയിലെ നിലവാരത്തില്‍ എണ്ണ ഉത്പാദനം മരവിപ്പിക്കുന്നത് നിലവിലെ സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുമെന്ന് സഊദി അറേബ്യ എണ്ണ മന്ത്രി അലി അല്‍ നൈമി പറഞ്ഞു. എണ്ണ വിലയില്‍ കാര്യമായ കുതിച്ചുകയറ്റം തങ്ങള്‍ ആവശ്യപ്പെടുന്നില്ല. ആവശ്യങ്ങള്‍ക്ക് മതിയായവുന്നതും സുസ്ഥിരമായ എണ്ണ വിലയുമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ പദ്ധതികളുടെ പേരില്‍ ഇറാനെതിരെ യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഇറാനും പാശ്ചാത്യന്‍ രാജ്യങ്ങളും തമ്മില്‍ ആണവകരാറിലെത്തിയതോടെ പിന്‍വലിച്ചിരുന്നു. ഇതോടെ എണ്ണ വിപണിയിലേക്ക് ഇറാനും എത്തുകയായിരുന്നു. ആഗോള വിപണിയില്‍ എണ്ണ വിലയിടിവ് ശക്തമാകുമെന്നും ഇതോടെ ആശങ്കപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം റെക്കോര്‍ഡ് അളവിലാണ് ഇറാഖ് എണ്ണ ഉത്പാദനം നടത്തിയത്. പ്രതിദിനം 4.7 മില്യന്‍ ബാരല്‍ എണ്ണ ഇവിടെ ഉത്പാദിപ്പിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
സഊദി ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളുടെ പഴയ നിലപാടിലുള്ള മാറ്റത്തെയാണ് പുതിയ തീരുമാനം അറിയിക്കുന്നത്. എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തില്ലെന്ന് ഒപെക് രാജ്യങ്ങള്‍ നേരത്തെ നിലപാടറിയിച്ചിരുന്നു. മറ്റു രാജ്യങ്ങളും ഇതേ പാതയിലേക്ക് വരികയാണെങ്കില്‍ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില വീണ്ടും ഇടിയുന്നതില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എണ്ണ ഉത്പാദനം മരവിപ്പിക്കുന്നതിന് വേണ്ടി വെനിസ്വേല എണ്ണ മന്ത്രി വിവിധ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Latest