Connect with us

International

അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിന് ചൈനയില്‍ കൂറ്റന്‍ ടെലിസ്‌കോപ്പ്; 10,000 പേരെ മാറ്റിപ്പാര്‍പ്പിക്കും

Published

|

Last Updated

ബീജിംഗ്: അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിന് സഹായകമാകുമെന്ന് പറയപ്പെടുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ റേഡിയൊ ടെലിസ്‌കോപ്പിന്റെ നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലവാസികളായ 10,000 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ചൈന പദ്ധതിയിടുന്നു. 500 മീറ്റര്‍ വ്യാസമുള്ള ഗോളാകൃതിയുള്ള റേഡിയൊ ടെലിസ്‌കോപ്പാണ് തെക്ക് പടിഞ്ഞാറന്‍ ഗ്യൂസ്‌ഹൊ പ്രവിശ്യയിലെ മലകള്‍ക്കിടയില്‍ സ്ഥാപിക്കുകയെന്നും ഇതിന്റെ പ്രവര്‍ത്തനം ഈ വര്‍ഷംതന്നെ തുടങ്ങുമെന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ടെലിസ്‌കോപ്പ് സ്ഥാപിക്കുന്ന പ്രദേശത്തിന്റെ അഞ്ച് കി. മിറ്ററിനുള്ളിലെ 9,110 നിവാസികളെ സെപ്തംബറോടെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് പ്രവിശ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതി കാന്തിക ശക്തിയുള്ള ശബ്ദ തരംഗ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാലക്‌സിക്ക് പുറത്ത് ബുദ്ധിയുള്ള ജീവികളുണ്ടൊയെന്ന് കണ്ടെത്തുന്നതിന് കൂറ്റന്‍ ടെലിസ്‌കോപ്പുകള്‍ക്കാകുമെന്ന് ചൈനീസ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ വു സിആങ്പിങ് പറഞ്ഞതായി നേരത്തെ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 180 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് ടെലിസ്‌കോപ്പ് നിര്‍മിക്കുന്നത്. മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരമായി 1,800 ഡോളര്‍ നല്‍കും. ഡാമുകളും കനാലുകളും പോലുള്ള അടിസ്ഥാന നിര്‍മാണ പദ്ധതികള്‍ക്കായി കഴിഞ്ഞ കാലങ്ങളില്‍ പതിനായിരക്കണക്കിന് പേരെ ചൈന മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയിരുന്നത്.

Latest