Connect with us

Kerala

പ്രവാസികളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വോട്ടര്‍പട്ടികയിലുള്ള പ്രവാസികളുടെ പേരുകള്‍ നീക്കം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക നവീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന്‍ തീരുമാനമെടുത്തത്.
ഈമാസം 29ന് മുമ്പ് അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള വോട്ടര്‍പട്ടികയുടെ കരട് തയ്യാറാക്കാനും തീരുമാനിച്ചു. തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് അന്തിമപട്ടികക്ക് വേണ്ടിയുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കും.
വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 20ന് ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ചേരും. 24ന് വി എല്‍ ഒമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളുടെയും യോഗം ചേരും.

Latest