Connect with us

Kerala

കണ്ണൂരില്‍ ആദ്യ വിമാനം 29ന് ഇറങ്ങും

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഈ മാസം 29ന് രാവിലെ ഒമ്പതിന് ആദ്യവിമാനം പറന്നിറങ്ങും. കോഡ്- ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചായിരിക്കും പരീക്ഷണ പറക്കല്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡി ജി സി എ)നിന്ന് ഇതിനാവശ്യമായ അനുമതി ലഭിച്ചെന്നും പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് എയര്‍ക്രാഫ്റ്റ് ലഭ്യമായിട്ടുണ്ടെന്നും മന്ത്രി കെ ബാബു അറിയിച്ചു. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിമാനത്താവള നിര്‍മാണത്തിന് മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ഷം വേണ്ടിവരും. എന്നാല്‍, എല്ലാ മുന്‍കാല റെക്കോര്‍ഡുകളും ഭേദിച്ചാണ് കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പുരോഗമിക്കുന്നത്. 1892 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. രണ്ട് ഘട്ടങ്ങളിലായാണ് കണ്ണൂര്‍ വിമാനത്താവള വികസനം നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2016- 17 മുതല്‍ 2025- 26 വരെയും രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ 2026-27 മുതല്‍ 2045- 46 വരെയുമാണ് ഉദ്ദേശിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ പ്രധാന റൂട്ടുകളായ യു എ ഇ, കുവൈത്ത്, സഊദി അറേബ്യ, ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന എയര്‍ക്രാഫ്റ്റുകള്‍ എത്തിച്ചേരുന്നതിനുള്ള സൗകര്യമൊരുക്കും. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന നിര്‍ദേശം പരിഗണിച്ച് ഒന്നാംഘട്ടത്തില്‍ തന്നെ റണ്‍വേയുടെ നീളം 3,400 മീറ്ററായി വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷി, ഏപ്രണ്‍, ഇതര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, റണ്‍വേയുടെ ദൈര്‍ഘ്യം നാലായിരം മീറ്ററാക്കി ഉയര്‍ത്തല്‍ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കും. പദ്ധതിക്കായി ഏറ്റെടുക്കാനുദ്ദേശിച്ച 2,200 ഏക്കര്‍ ഭൂമിയില്‍ 1,278.89 ഏക്കര്‍ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുത്തിരുന്നു. മൂന്നാംഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കറില്‍ 612.12 ഏക്കറും ഏറ്റെടുത്തു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. റണ്‍വേ നിര്‍മാണത്തിനായി അടിയന്തരമായി 10.25 ഏക്കര്‍ ഭൂമി കിയാല്‍ നേരിട്ടേറ്റെടുത്തു. എമര്‍ജന്‍സി റോഡിനു വേണ്ടി നാല്‍പ്പത് സെന്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. റണ്‍വേയുടെ ദൈര്‍ഘ്യം 3,050 മീറ്ററില്‍ നിന്ന് 3,400ഉം തുടര്‍ന്ന് നാലായിരം മീറ്ററുമായി വര്‍ധിപ്പിക്കുന്നതിനാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു.