Connect with us

National

കര്‍ഷകരുടെ ശവപ്പറമ്പായി യവാത്മല്‍

Published

|

Last Updated

മുംബൈ: വിധര്‍ഭാ മേഖലയില്‍പ്പെട്ട യവാത്മലിലെ സോയാബീന്‍ കര്‍ഷകനായ വിശാലിന്റെ (34) ഭാര്യ മായാ പവാര്‍ (25) രണ്ട് മാസം മുമ്പ് വരെ ഒരു സാധാരണ സ്ത്രീയായിരുന്നു. വിശാലിന്റെ ആത്മഹത്യയിലൂടെ മഹാരാഷ്ട്രയിലെ ആത്മഹത്യ ചെയ്ത കര്‍ഷരുടെ എണ്ണം 3,228ലെത്തി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആയിരക്കണക്കിന് വിധവകളില്‍ ഒരാളാണ് ഇപ്പോള്‍ മായ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന വര്‍ഷത്തെ അവസാന ഇരയുടെ ഭാര്യയും മായ തന്നെ.
“ഭര്‍ത്താവിന് ഏഴ് ലക്ഷത്തിന്റെ കടമുണ്ടായിരുന്നു. ബ്ലേഡുകാരില്‍ നിന്നും ബേങ്കില്‍ നിന്നും എടുത്തതായിരുന്നു അത്. മഴ ലഭിക്കാതായപ്പോള്‍ വിളകളെല്ലാം നശിച്ചു. പിന്നെ വായ്പകള്‍ തിരിച്ചടക്കാനായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതായിരുന്നു സ്ഥിതി. പിന്നെ അത്മഹത്യയല്ലാതെ മറ്റെന്ത് മാര്‍ഗം?” മായ കരഞ്ഞുകൊണ്ട് ചോദിക്കുന്നു.
അഞ്ച് ആത്മഹത്യാ കുറിപ്പുകള്‍ എഴുതിവെച്ചാണ് വിശാല്‍ വീട്ടുകിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. അഞ്ച് വയസ്സുകാരിയായ മകള്‍ക്കും ഭാര്യക്കും ഉള്ള എഴുത്തുകള്‍ അതില്‍പ്പെടുന്നു. ഒരു കത്ത് പ്രദേശത്തെ എം എല്‍ എയും മന്ത്രിയും ശിവസേനാ നേതാവുമായ സഞ്ജയ് റാത്തോഡിനാണ്. തന്റെ കടം എഴുതിത്തള്ളണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ളതാണ്. സമാനമായ കത്ത് പ്രദേശത്തെ അര്‍ബന്‍ ബേങ്കിനും അയച്ചു. വിളനാശമുണ്ടായാല്‍, കൃഷി ആവശ്യത്തിന് എടുത്ത വായ്പ എങ്ങനെയാണ് തങ്ങള്‍ തിരിച്ചടക്കേണ്ടതെന്ന് കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സന്തോഷ് അര്‍സോദ് ചോദിക്കുന്നു. വരുന്ന ബജറ്റ് സമ്മേളനത്തില്‍ തങ്ങളുടെ കടം എഴുതിത്തള്ളുന്നതിനുള്ള എന്തെങ്കിലും നടപടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സന്തോഷ് പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ 211 കര്‍ഷകരാണ് വിളനാശം കാരണം ജീവന്‍ അവസാനിപ്പിച്ചത്. യവാത്മല്‍ ശരിക്കും കര്‍ഷകരുടെ ശവപ്പറമ്പായി മാറുകയാണ്. എന്നും കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും സന്തോഷ് അര്‍സോദ് പറഞ്ഞു.

---- facebook comment plugin here -----

Latest