Connect with us

Kozhikode

സന്നദ്ധസേവനത്തിന് അവസരമൊരുക്കി കംപാഷനേറ്റ് കോഴിക്കോട്

Published

|

Last Updated

കോഴിക്കോട്: പൊതുകാര്യങ്ങള്‍ക്കായി അല്‍പസമയം മാറ്റിവെക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ് കംപാഷനേറ്റ് കോഴിക്കോടിന്റെ പുതിയ സംരംഭത്തിലൂടെ ജില്ലാ ഭരണകൂടം. ഓരോ മാസവും സേവനത്തിനായി മാറ്റിവെക്കാന്‍ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ബാക്കിയുള്ള അമ്പതിനായിരം സന്നദ്ധസേവകരെ കണ്ടെത്തുന്ന പദ്ധതിയാണിത്. ഇതുവഴി ജനസേവനത്തിന്റെ രണ്ടരലക്ഷം മണിക്കൂറെങ്കിലും സൃഷ്ടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അണിയറ ശില്‍പ്പികള്‍.

കൂലിപ്പണിക്കാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഏത് മേഖലകളിലുള്ളവര്‍ക്കും കഴിവും താത്പര്യവുമുള്ള മേഖലകളില്‍ സന്നദ്ധസേവനത്തിന് അവസരമൊരുക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. ആതുര സേവനം, രോഗികളുടെ പരിചരണം, ശുചീകരണം, കൊതുക് നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം മുതല്‍ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട സര്‍വേകള്‍, വെബ് ഡിസൈനിംഗ്, മൊബൈല്‍ ആപ് ഡെവലപിംഗ്, ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗ് തുടങ്ങി സേവനത്തിന്റെ അനന്തസാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്.

ജനജീവിതത്തെ ഏതെങ്കിലും വിധത്തില്‍ മെച്ചപ്പെടുത്താനുതകുന്ന ഇത്തരം സേവനമേഖലകള്‍ കണ്ടെത്തുക, സന്നദ്ധസേവകരെ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒത്തുചേരലില്‍ ജില്ലയിലെ നൂറിലധികം സാമൂഹിക സാംസ്‌കാരിക സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും പങ്കെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍- 9847764000, ഇ മെയില്‍ projectcellclt@gmail.com, www.compassionatekozhikode.in

Latest