Connect with us

Palakkad

മലമ്പുഴയില്‍ വസന്തോത്സവത്തിന് ഇന്ന് തിരി തെളിയും

Published

|

Last Updated

പാലക്കാട്: മലമ്പുഴയില്‍ വസന്തോത്സവത്തിനു ഇന്നു തിരിതെളിയും. മാര്‍ച്ച് പത്തു വരെ നീണ്ടു നില്‍ക്കുന്ന “മലമ്പുഴ ഉദ്യാനത്തിലെ പൂക്കാലം എന്നു പേരിട്ടിരിക്കുന്ന പുഷ്‌പോത്സവത്തിനായി അലങ്കാരകല്ലുകള്‍ കൊണ്ട് തീര്‍ത്ത പ്രത്യേക ജലധാരകള്‍, പൂത്തുലഞ്ഞു നില്‍ക്കുന്ന ലക്ഷക്കണക്കിനു പുഷ്പങ്ങള്‍, കരിങ്കല്ലില്‍ തീര്‍ത്ത വിവിധ ശില്പങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
മലമ്പുഴ ഉദ്യാനത്തിന് പുറമേ വയനാട് അമ്പലവയല്‍, നെല്ലിയാമ്പതി തുടങ്ങിയ മേഖലകളിലെ ഫാമുകളില്‍ നിന്നുള്ള പുഷ്പങ്ങളും പ്രദര്‍ശനത്തിനുണ്ടാവും. ആഫ്രിക്കന്‍ മേരിഗോള്‍ഡ്, ഫ്രഞ്ച് മേരിഗോള്‍ഡ്, റോസ്, സാല്‍മിയ, ഗൗഫോര്‍മ, ഫിലോഷ്യ, വിങ്ക തുടങ്ങി വിദേശിയിനങ്ങളും പാല്‍സല്‍, ബാല്‍സം, ആന്തൂറിയം, പ്ലാമേറിയ, സൂര്യകാന്തി, ഡാലിയ തുടങ്ങിയ സ്വദേശി ഇനങ്ങളുമാണ് പുഷ്പമേളക്കായി ഉദ്യാനത്തില്‍ ഒരുക്കിയിട്ടുള്ളത്. 150 വ്യത്യസ്തവര്‍ക്ഷത്തിലുള്ള റോസുകളുള്‍പ്പെടെ 400 -ഓളം ഇനത്തിലുള്ള പുഷ്പങ്ങളാണ് ഉദ്യാനത്തിനകത്തെ വിവിധപാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് നയനസൗകുമാര്യം നല്‍കുന്നത്. പുഷ്‌പോത്സവത്തിനായി എത്തുന്നവര്‍ക്ക് പുഷ്പങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ ജനങ്ങളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്ന വിവിധ ശില്പങ്ങള്‍, ടാബ്ലോകള്‍ എന്നിവയും ഉദ്യാനത്തിനകത്തും പുറത്തുമായി സംഘടിപ്പിക്കുന്നുണ്ട്. ഇവയുടെ പ്രവൃത്തികളെല്ലാം കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. സ്വദേശിയും വിദേശിയുമായി ഏകദേശം ഒന്നരലക്ഷത്തോളം പൂച്ചെടികളാണ് ജലസേചന വകുപ്പിന്റെ ഓഫീസിനു സമീപത്തായി ഒരുക്കിയിട്ടുള്ളത്. ഇരുപത്തിമൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പുഷ്‌പോത്സവത്തിനായി ഒരു മാസത്തോളം ഉദ്യാനനഗരി പ്രത്യേകം ദീപാലംകൃതമാക്കുന്നതോടെ അവധിദിനങ്ങളിലെ സാംസ്‌കാരിക പരിപാടികളുംകൊണ്ട് പുഷ്‌പോത്സവത്തെ കൂടുതല്‍ ആഘോഷമാക്കി മാറ്റാനാണ് ജലസേചനവകുപ്പിന്റെ ലക്ഷ്യം.

Latest