Connect with us

Gulf

ഷാര്‍ജയില്‍ വാടക കുറയുന്നു

Published

|

Last Updated

ഷാര്‍ജ:കൂടുതല്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായത് ഷാര്‍ജയില്‍ വാടക കുറയാന്‍ ഇടയാക്കുന്നു. പ്രതിമാസം 26,000 ദിര്‍ഹത്തിന് ഒറ്റ മുറി ഫഌറ്റ് ലഭ്യമാവുന്നതായാണ് പുതിയ വിവരം. ദുബൈയില്‍ വാടക വര്‍ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഷാര്‍ജയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ ഷാര്‍ജയിലെ പല മേഖലകളിലും വാടകയില്‍ വന്‍ വര്‍ധനവ് സംഭവിച്ചിരുന്നു. ഈ അവസ്ഥക്കാണ് ഇപ്പോള്‍ മാറ്റമായിരിക്കുന്നതെന്ന് 26,000 ദിര്‍ഹത്തിന് ഒറ്റമുറി ഫഌറ്റ് വാഗ്ദാനം ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അസ്റ്റികോ വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമെന്ന നിലയില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്നതും സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകക്ക് നിയന്ത്രണം ഏര്‍പെടുത്തിയതുമെല്ലാം ആളുകളെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നതും നിര്‍മാണ മേഖലയില്‍ ഉള്‍പെടെ മാന്ദ്യം അനുഭവപ്പെടുന്നതുമാണ് കെട്ടിട വാടകയില്‍ ഇടിവിന് ഇടയാക്കുന്നതെന്ന് അസ്റ്റികോ പുറത്തുവിട്ട 2015ലെ നാലാം പാദ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സി ജി മാള്‍ റെസിഡന്‍സസ്, അല്‍ റയ്യാന്‍ കോംപ്ലക്‌സ് തുടങ്ങിയ അല്‍ നഹ്ദയിലെ കെട്ടിടങ്ങള്‍ ഉള്‍പെടെ 1,000 യൂണിറ്റുകളാണ് അടുത്തിടെ പുതുതായി താമസക്കാര്‍ക്കായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. അല്‍ ഖാസിമിയ മേഖലയില്‍ ഒറ്റ മുറി ഫഌറ്റിന് 33,000 ദിര്‍ഹമാണ് ഒരു വര്‍ഷത്തേക്ക് 2015 അവസാനത്തില്‍ താമസക്കാര്‍ക്ക് നല്‍കിയത്. 2014ല്‍ ഇതിന്റെ വാടക 38,000 ദിര്‍ഹമായിരുന്നു. അല്‍ ഖാന്‍ മേഖലയില്‍ 2014ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ 3,000 ദിര്‍ഹത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ 42,000 ദിര്‍ഹം ഉണ്ടായിരുന്നത് 2015 അവസാനമായപ്പോഴേക്കും 39,000 ആയി കുറഞ്ഞു. അല്‍ നഹ്ദയില്‍ ഇത് 44,000 ല്‍ നിന്ന് 41,000 ആയി. അല്‍ യര്‍മൂക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് വാടകയില്‍ സംഭവിച്ചത്. നിലവില്‍ 26,000 ദിര്‍ഹത്തിന് ഇവിടെ ഒറ്റമുറി ഫഌറ്റ് ലഭ്യമാണ്. മുമ്പ് ഇത് 48,000 ദിര്‍ഹം വരെയായിരുന്നു. സാമ്പത്തിക മാന്ദ്യം കടുത്തേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഷാര്‍ജ ഉള്‍പെടെയുള്ള വടക്കന്‍ എമിറേറ്റുകളില്‍ ഈ വര്‍ഷം കെട്ടിട വാടക കുത്തനെ കുറയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിയല്‍ എസ്റ്റേറ്റ് കള്‍സല്‍ട്ടന്‍സി സ്ഥാപനമായ ക്ലട്ടണ്‍സ് വാടകയില്‍ 1.6 ശതമാനം കുറവുണ്ടായതായി വ്യക്തമാക്കിയിരുന്നു.
താമസ കെട്ടിടങ്ങള്‍ക്ക് വാടക കുറയുന്നതായി റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത് ഫലത്തില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് താമസക്കാര്‍ അഭിപ്രായപ്പെടുന്നത്. കെട്ടിട വാടക കരാര്‍ പുതുക്കാന്‍ ശ്രിക്കുന്നവരില്‍ നിന്ന് നിലവിലുള്ളതിലും 30 ശതമാനം വരെ അധികമാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളും കെട്ടിട ഉടമകളും ആവശ്യപ്പെടുന്നതെന്നാണ് ഇവരുടെ പരാതി.

Latest