Connect with us

Gulf

'ആംബുലന്‍സിനും ഹമദ് സ്റ്റാഫിനും നന്ദി'; മുഐമിന്‍ അമാറയുടെ ഉമ്മയുടെ വാക്കുകള്‍

Published

|

Last Updated

മുഐമിന്‍ അമാറ

ദോഹ: വ്യായാമ യന്ത്രത്തില്‍ കുടുങ്ങി കൈ തകര്‍ന്ന മകന് എങ്ങനെ ശുശ്രൂഷ നല്‍കുമെന്നറിയാതെ വിറച്ചു നിന്നപ്പോള്‍, ശക്തി സംഭരിച്ചു നടത്തിയ ഒരു ഫോണ്‍കോളിനെത്തുടര്‍ന്ന് പാഞ്ഞെത്തിയ ആംബുലന്‍സ് സംഘത്തോടും ഹമദ് ആശുപത്രി എമര്‍ജന്‍സി വിഭാഗം ജീവനക്കാരോടും നന്ദി അറിയിക്കുകയാണ് ഇസ്‌ലാം എന്നു പേരുള്ള വീട്ടമ്മ.
സ്വന്തം മക്കള്‍ അപടകത്തില്‍ പെടുക എന്നത് എല്ലാ രക്ഷിതാക്കളുടെയും പേടി സ്വപ്‌നം. സംഭവിച്ചാല്‍ തന്നെ യാതാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയാതെ തളര്‍ന്നു പോകുകയാകും ചെയ്യുക. എന്നാല്‍ സമചിത്തത വീണ്ടെടുത്ത് മകന് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ഇടപടുകയായിരുന്നു ഇസ്‌ലാം. കഴിഞ്ഞ ഒക്‌ടോബറില്‍ അവരുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. ട്രഡ്മില്‍ ഉപയോഗിച്ചു കൊണ്ടിരിക്കേ നാലു വയസ്സുകാരന്‍ മുഐമിന്റെ കൈ യന്ത്രത്തില്‍ കുടുങ്ങി. മെഷീന്‍ സ്റ്റക്കായി നിന്നു. ഉടന്‍ ചാടിയിറങ്ങിയ അവര്‍ മെഷീനിലേക്കുള്ള പവര്‍ ഓഫ് ചെയ്തു. മകന്റെ കൈ പുറത്തെടുക്കാന്‍ ശ്രമമാരംഭിച്ചു. മെഷീനില്‍പ്പെട്ട മുഐമിന്റെ കൈ അതില്‍ അമര്‍ന്നിരിക്കുകയായിരുന്നു. കുട്ടി ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. പേടിച്ചു പോയ ഇസ്‌ലാം അല്‍പ്പസമയത്തെ ശ്രമത്തിലൂടെ കുട്ടിയുടെ കൈ പുറത്തെടുത്തു. വിരലുകള്‍ അനക്കാനാകാത്ത വിധം ചുവന്നുവീര്‍ത്ത നിലയിലായിരുന്നു കുട്ടിയുടെ കൈ. ആശുപത്രിയില്‍ പോകാനായി ഉടന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഉടന്‍ എത്താന്‍ കഴിയാത്ത വിധം ട്രാഫിക് ജാമിലാണെന്നറിയിച്ചു. തുടര്‍ന്നാണ് 999 ലേക്കു വിളിച്ചത്.
ഫോണെടുത്ത വ്യക്തിക്ക് ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു. ആംബുലന്‍സ് വന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. കെട്ടിടത്തിനു താഴെ ആര്‍ക്കെങ്കിലും വന്നു നില്‍ക്കാന്‍ കഴിഞ്ഞാല്‍ കുറേക്കൂടി എളുപ്പമാകുമായിരുന്നുവെന്ന് അവര്‍ അറിയിച്ചു. അഞ്ചു മിനിറ്റിനകം റയ്യാനിലെ വീട്ടില്‍ ആംബുലന്‍സെത്തി. രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫ് കൂടെയുണ്ടായിരുന്നു. അവര്‍ മുഐമിനെ പരിശോധിച്ചു. മകന്റെ കൈ നഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ കരുതിയത്. മുഐമിന്റെ കൈ പരിശോധിച്ച് എല്ലുകള്‍ക്കു പരുക്കില്ലെന്നും കുടുങ്ങിപ്പോയതിന്റെ പ്രശ്‌നം മാത്രമേയുള്ളൂ എന്നും അറിയിച്ചു. തുടര്‍ന്ന് ഹമദ് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലേക്കു കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ വേദനക്കുള്ള മരുന്ന് കൊടുത്തതിനെത്തുടര്‍ന്ന് കുട്ടി കരച്ചില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നടത്തി മുഐ മിനെ ചികിത്സക്കു വിധേയനാക്കി. ഏതാനും ദിവസത്തെ ചികിത്സക്കു ശേഷം സുഖം പ്രാപിച്ചു വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവിനു പോലും വിട്ടിലെത്താന്‍ പറ്റാതിരുന്ന സമയത്ത് അഞ്ചു മിനിറ്റിനകം സംഭവസ്ഥലത്തെത്തി തന്നെ ആശ്വസിപ്പിക്കുകയും മകന് ചികിത്സ നല്‍കുകയും ചെയ്ത സേവനം മഹത്തരമാണെന്നും ഈ സേവനം ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും പ്രത്യകിച്ച് വീട്ടില്‍ ഒറ്റയ്ക്കാകുന്ന സ്ത്രീകള്‍ ആംബുലന്‍സ് നമ്പര്‍ ഓര്‍ത്തു വെക്കണമെന്നും അവര്‍ പറഞ്ഞു.