Connect with us

Gulf

ആരോഗ്യ സുരക്ഷക്ക് ഭീഷണി: ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടി

Published

|

Last Updated

ഷോപ്പില്‍ നിന്ന് കണ്ടെടുത്ത ചീഞ്ഞ തക്കാളി

ദോഹ: ആരോഗ്യ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുന്നതായി കണ്ടെത്തിയ ഏതാനും ഭക്ഷ്യശാലകള്‍ അധികൃതര്‍ അടപ്പിച്ചു. ഇതില്‍ പ്രമുഖ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു. താത്കാലികമായാണ് അടച്ചിടല്‍.
കാലാവധി കഴിഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതുമായി ഭക്ഷ്യ വിഭവങ്ങല്‍ വില്‍ക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തി സൂക്ഷിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അടച്ചിട്ടവയില്‍ ഖര്‍തിയാത്തിലെ സബ്‌വേ സാന്‍ഡ്‌വിച്ച് ഷോപ്പും ഉള്‍പ്പെടുന്നു. ഗര്‍റാഫയിലെ തൈബ പെട്രോള്‍ സ്റ്റേഷനു സമീപത്തുള്ള ഷോപ്പും അടപ്പിച്ചു. ചില സ്ഥാപനങ്ങള്‍ ഏഴു ദിവസത്തക്കാണ് അടച്ചിടാന്‍ ആവശ്യപ്പെട്ടത്. നഗരസഭാ, പരിസ്ഥിതി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിച്ചത്.
പരിശോധനയില്‍ പിടികൂടിയ നിയമലംഘനങ്ങളുടെയും കേടുവന്ന ഭക്ഷ്യവസ്തുക്കളുടെയും ചിത്രങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തി. പച്ചക്കറികളും പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷ്യോത്പന്നങ്ങള്‍ കേടു വന്നവയും ആരോഗ്യ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതുയമായവ പിടിച്ചെടുത്തിട്ടുണ്ട്. അല്‍ ഇസ്‌കന്ദറിലെ സൗത്ത് ഏഷ്യന്‍ റസ്റ്റോറന്റ് ഉള്‍പ്പെടെ ചില സ്ഥാപനങ്ങള്‍ ഒരു മാസത്തേക്കാണ് അടച്ചിട്ടത്. കേടുവന്ന തക്കാളികളും മറ്റു പച്ചക്കറി ഉത്പന്നങ്ങളും മന്ത്രാലയം പുറത്തുവിട്ട ചിത്രങ്ങളില്‍ വ്യക്തമായി കാണാം.
അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ മന്ത്രാലയം അറബിയിലുള്ള അറിയിപ്പ് പ്രദര്‍ശിപ്പിച്ചു. നടപടി ഉപഭോക്താക്കളെ അറിയിച്ചു കൊണ്ടുള്ളതാണ് നോട്ടീസ്. ബര്‍വയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപത്തുള്ള തൈയ് സ്‌മൈല്‍ റസ്റ്റോറന്റും 30 ദിവസത്തേക്ക് അടച്ചു പൂട്ടിയതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങള്‍ ഉപയോഗിച്ചതായിരുന്നു കാരണം. വില്ലാജിയോ മാളിലെ ഗ്രാന്‍ കഫേ 45 ദിവസത്തേക്കാണ് അടച്ചത്. പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയതാണ് കാരണം.
രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഭക്ഷ്യവില്‍പ്പനശാലകള്‍ക്ക് കര്‍ശനമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നല്‍കിയതിനു പുറമേ പരിശോധനയും ശക്തമാക്കി. പരിശോധനക്ക് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. അടിസ്ഥാന ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നാണ് നിയമം. ഭക്ഷ്യശാലകള്‍ക്കു പുറമേ ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ പരിശോധന നടത്തുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതി വരുത്തിയിരുന്നു. കുറ്റം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു മേല്‍ നടപടി സ്വീകരിക്കാന്‍ അതോറിറ്റികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടായിരുന്നു നിയമഭേദഗതി. കുറ്റം കണ്ടെത്തിയ ഉടന്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. നടപടി സ്വീകരിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താനുള്ള അവകാശവും കൈവന്നു. മന്ത്രാലയം വെബ്‌സൈറ്റില്‍ അറബിയിലാണ് പേരുകല്‍ പ്രസിദ്ധപ്പെടുത്തുന്നത്. പേരുകള്‍ പുറത്തു വരുന്നത് സ്ഥാപനങ്ങള്‍ക്കു ദോഷം ചെയ്യുമെന്നതു പരിഗണ്ച്ച് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ വേണ്ടിയാണ് ഈ നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം നഗരസഭാ മന്ത്രാലയം 161 സ്ഥാപനങ്ങളാണ് നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ആകെ 26,055 പരിശോധനകള്‍ നടത്തി.