Connect with us

Gulf

തീവ്രവാദത്തിന്റെ കാരണങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഖത്വറിന്റെ പിന്തുണ

Published

|

Last Updated

ദോഹ: തീവ്രവാദത്തിലേക്ക് നയിക്കുന്ന അവസ്ഥകളെ അഭിമുഖീകരിക്കാനുള്ള മേഖലാതല- അന്താരാഷ്ട്ര പരിശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയുമായി ഖത്വര്‍ യു എന്നില്‍. പോരാട്ടങ്ങളുടെ പരിഹാരം കാണാനും മനുഷ്യാവകാശം ഉയര്‍ത്തിക്കാട്ടാനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പോരാടനും അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഖത്വറിന്റെ യു എന്നിലെ സ്ഥിര പ്രതിനിധി അംബാസിഡര്‍ ശൈഖ ആലിയ ബിന്‍ സെയ്ഫ് അല്‍ താനി പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
കുട്ടികളെയും യുവസമൂഹത്തെയുമാണ് തീവ്രവാദഗ്രൂപ്പുകള്‍ ലക്ഷ്യംവെക്കുന്നത്. ഈ രണ്ട് വിഭാഗങ്ങളുടെയും കാര്യക്ഷമത അവഗണിക്കപ്പെടുകയും അവരുടെ പ്രതിഭ വളര്‍ത്തുന്നതിനുള്ള ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരിക്കുകയുമാണ്. സ്വന്തം ഭാവി കരുപ്പിടിപ്പിക്കാന്‍ അവരെ സമ്മതിക്കുന്നുമില്ല. സഹിഷ്ണുതയുടെയും നിര്‍മാണാത്മക ചര്‍ച്ചയുടെയും അന്തരീക്ഷം വികസിപ്പിക്കേണ്ടിയിരിക്കുന്നു.
സംവാദാത്മക സംസ്‌കാരം വളര്‍ത്തുന്നതിന് ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും തീവ്രവാദത്തിന് എതിരെ പോരാടാന്‍ സജ്ജമാക്കുകയും വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഇടയില്‍ സൗഹാര്‍ദത്തിന്റെ പാലം പണിയാനും അതിലൂടെ സാധിച്ചിട്ടുണ്ട്.
വിധ്വംസക തീവ്രവാദം ഇല്ലാതാക്കാന്‍ രാഷ്ട്രീയക്കാരും മതനേതാക്കളും പൗരസമൂഹവും മാധ്യമങ്ങളുമെല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കണം. വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക വിശ്വാസവുമായി കൂട്ടിക്കലര്‍ത്തി ഒറ്റപ്പെടുത്തുന്നത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതാണെന്നും ശൈഖ ആലിയ കൂട്ടിച്ചേര്‍ത്തു.

 

Latest