Connect with us

Articles

എന്തുകൊണ്ട് നോ സെല്‍ഫി സോണുകള്‍?

Published

|

Last Updated

“പണ്ടൊക്കെ വീട്ടില്‍ അതിഥി വന്നാല്‍ ചായയെടുക്കട്ടെ എന്നായിരുന്നു ചോദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സെല്‍ഫിയെടുക്കട്ടെയെന്നായിട്ടുണ്ട്” അടുത്തിടെ വാട്ട്‌സ് ആപ്പ് വഴി പ്രചരിച്ച ഒരു തമാശയാണിത്. തമാശയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യം ഇത് ശരിവെക്കുകയാണ്. ആധുനിക ലോകത്തിന്റെ മുഖമുദ്രയായ സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ക്ക് പിറകെ ഇനി “നോ സെല്‍ഫി സോണുകള്‍” കൂടി ലോകത്ത് ഉയിര്‍ക്കൊള്ളുകയാണ്. ബുദ്ധിയും തലച്ചോറും ഉപയോഗിച്ച് കണ്ടെത്തിയ സാങ്കേതിക ഉപകരണങ്ങള്‍ മനുഷ്യനെ തന്നെ നിയന്ത്രിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വര്‍ത്തമാനകാലത്ത് വര്‍ധിച്ചുവരുന്ന “സെല്‍ഫി മരണ”ങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. സ്മാര്‍ട്ട് ഫോണിന്റെ വരവോടുകൂടി സ്മാര്‍ട്ടാകേണ്ട മനുഷ്യന്മാര്‍ കൂടുതല്‍ ചിന്താശൂന്യരാകുകയാണോ? വര്‍ത്തമാനലോകത്തിന് നേരെ “പുറംതിരിഞ്ഞുള്ള” ഒരു ഏര്‍പ്പാടാണ് യഥാര്‍ഥത്തില്‍ “സെല്‍ഫികള്‍”. പിന്നില്‍ നടക്കുന്നതെന്തെന്നറിയാതെ മൊബൈല്‍ ഫോണിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഈ ഏര്‍പ്പാടിന് മരണങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു ചെറിയ പിഴവ് മാത്രം മതി.
തൂങ്ങിമരണം, മുങ്ങിമരണം, വിഷംകഴിച്ച് മരണം എന്നിവക്കൊപ്പം ഇനി സെല്‍ഫിമരണങ്ങള്‍ കൂടി പത്രത്താളുകള്‍ കീഴടക്കുകയാണ്. ഇത്തരത്തില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എം ബി ബി എസ് പഠനത്തിന്റെ ഭാഗമായുള്ള ഗ്രാമീണ സേവനത്തിനിടെയാണ് മാണ്ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മൂന്ന് വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. സഹപാഠികള്‍ക്കൊപ്പം ഒഴിവുസമയം ചെലവിടാന്‍ എത്തിയ വിദ്യാര്‍ഥികള്‍ കനാലില്‍ ഇറങ്ങി സെല്‍ഫിയെടുക്കുന്നതിനിടെ കനാല്‍ തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മുങ്ങിമരിക്കുകയുമായിരുന്നു.
ഉയര്‍ന്ന പ്രദേശങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വനാതിര്‍ത്തികള്‍, റെയില്‍വേ, റോഡുകള്‍ എന്നിവ പശ്ചാത്തലമാക്കി സ്വന്തമായോ, സംഘമായോ സെല്‍ഫിയെടുക്കാനുള്ള യുവത്വത്തിന്റെ വ്യഗ്രതയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണങ്ങളാകുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ ശ്രമങ്ങളാണ് കൂടുതലും ഇത്തരത്തിലുള്ള മരണങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 മുതല്‍ ലോകത്ത് ഇതുവരെ 50ലേറെ സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ 75 ശതമാനവും പുരുഷന്മാരും 15നും 25നും വയസ്സിനും ഇടയില്‍ പ്രായമുള്ളവരുമാണ്. സാഹസികമായി സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം മരണങ്ങളുടെ വര്‍ധനക്കിടയാക്കുന്നതെന്ന് ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. സെല്‍ഫി മരണങ്ങളില്‍ അധികവും ശ്രദ്ധക്കുറവ് കൊണ്ടാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബില്‍ഡിംഗുകള്‍, മറ്റു ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍വെച്ച് സംഘമായുള്ള സെല്‍ഫിക്കിടെ ഏതെങ്കിലും ഒരാള്‍ക്ക് ശ്രദ്ധ തെറ്റുകയോ പിഴവ് സംഭവിക്കുകയോ ചെയ്താല്‍ ആ സംഘം മുഴുവന്‍ താഴേക്ക് പതിക്കാനിടയാക്കുകയും മരണത്തില്‍ കലാശിക്കുകയും ചെയ്യുകയാണ് പതിവ്. ട്രാക്ക് സെല്‍ഫി, തോക്ക് സെല്‍ഫി, പാമ്പ് സെല്‍ഫി, ശവസെല്‍ഫി, നഗ്നസെല്‍ഫി എന്നുവേണ്ട ഏത് അപകടംപിടിച്ച സാഹചര്യമാണെങ്കിലും എങ്ങനെയൊക്കെ സോഷ്യല്‍ മീഡിയയിലെ ലൈക്ക് വര്‍ധിപ്പിക്കാം എന്നതാണ് യുവത്വം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. “മരിച്ചവര്‍ക്കൊപ്പം സെല്‍ഫി” ക്യാമ്പയിന്‍ നടത്തിയ റഷ്യന്‍ പ്രാദേശിക സൈറ്റിനെതിരെ കോടതികള്‍ക്ക് വരെ ഇടപെടേണ്ടിവന്നിട്ടുണ്ടെന്നറിയുമ്പോഴാണ് ഈ സാമൂഹികദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്.
ലോകത്ത് പല രാജ്യങ്ങളും ഇത്തരത്തിലുള്ള മരണങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി രംഗത്തെത്തിക്കഴിഞ്ഞു. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ കടലില്‍ വീണ മൂന്ന് പെണ്‍കുട്ടികള്‍ മരിക്കുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസ് ഇതിനകം പതിനാറ് സ്ഥലങ്ങള്‍ “നോ സെല്‍ഫി സോണു”കളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയൊക്കെ നോ സെല്‍ഫി ബോര്‍ഡുകളും ലൈഫ് ഗാര്‍ഡുകളെയും നിയമിച്ചിരിക്കുകയാണ്. ലോകത്ത് നടന്നിട്ടുള്ള സെല്‍ഫി മരണങ്ങളില്‍ 40 ശതമാനം ഇന്ത്യയിലാണെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഇത്തരത്തിലുള്ള 20ലേറെ മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. രണ്ടാം സ്ഥാനത്ത് റഷ്യയാണുള്ളത്. രാജ്യത്തിന്റെ ഭൂപ്രകൃതിയാണ് ഇതിന് കാരണമായി പറയുന്നത്. സെല്‍ഫി പ്രേമികളുടെ ഇഷ്ടസ്ഥലങ്ങളായ മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണല്ലോ നമ്മുടേത്. ജനസംഖ്യയില്‍ മുന്നിലുള്ള ചൈനയില്‍ ഇതുവരെ ഇത്തരത്തിലുള്ള ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഇത് ശരിവെക്കുന്നുണ്ട്. ലോകത്ത് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടിയ സാഹചര്യത്തില്‍ ഈ കണക്കുകള്‍ വര്‍ധിക്കുകയല്ലാതെ കുറയുകയെന്നത് തീര്‍ത്തും അസംഭവ്യമാണ്. അപ്പോള്‍ പിന്നെ സ്വന്തം ജീവനില്‍ കൊതിയുള്ളവര്‍ സ്വയം ബോധവാന്മാരാകുകയേ തരമുള്ളൂ.
ഏത് സാങ്കേതികവിദ്യയും പോലെ മൊബൈല്‍ ഫോണുകള്‍ സമൂഹത്തിന് പല നന്മകളും നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും അതിനെയൊക്കെ മറികടക്കുന്ന രീതിയില്‍ ദുരുപയോഗം വര്‍ധിച്ചുവരികയാണ്. താനും ഒരു മൊബൈലും സോഷ്യല്‍ മീഡിയയിലെ കുറച്ച് ഫ്രണ്ട്‌സും എന്നൊരു തലത്തിലേക്ക് മനുഷ്യന്‍ ചുരുങ്ങുകയാണിന്ന്. അടുത്തിരിക്കുമ്പോള്‍ തന്നെ അകന്ന മനസ്സുകളാണ് ഇക്കാലത്തിന്റെ മുഖമുദ്ര. കൂട്ടത്തിലിരിക്കുമ്പോഴും ദൂരെ സ്ഥിതി ചെയ്യുന്നവരോട് ചാറ്റിംഗിലാണെല്ലാവരും. സ്മാര്‍ട്ട് ഫോണുകള്‍ യുവത്വത്തിന്റെ തലകള്‍ താഴ്ത്തുകയും ചിന്തകളെ ഷണ്ഡീകരിക്കുകയും ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ പണ്ടൊക്കെ “സ്റ്റാറ്റസ്” എന്നാല്‍ തറവാട്ടുമഹിമയെ സൂചിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് അതൊക്കെ മാറി ആള് ഓണ്‍ലൈനാണോ ഓഫ് ലൈനാണോ എന്നതിലേക്ക് സ്റ്റാറ്റസ് മാറിയിരിക്കുകയാണ്. കല്യാണവീടായാലും മരണവീടായാലും സെല്‍ഫിയെടുക്കുക, അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നത് ഇന്ന് സര്‍വസാധാരണമാണ്. സ്ഥലവും സമയവുമൊന്നും നോക്കാതെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം പല അനൗചിത്യങ്ങളും സമൂഹത്തിലുണ്ടാക്കുന്നുണ്ട്. ഇതിനേക്കാളൊക്കെ ഗൗരവമേറിയതും ഗുരുതരവുമാണ് മരണത്തിലേക്കുള്ള ഇത്തരം സെല്‍ഫി പ്രേമങ്ങള്‍. ഇതിനെതിരെ സമൂഹം ബോധവാന്മാരായേ തീരൂ.
നമ്മുടെ കൊച്ചു കേരളത്തില്‍ ആറ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കണക്കുകളാണിത്. ഇത് യഥാര്‍ഥ കണക്കാക്കാന്‍ തരമില്ല. കാരണം സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നടന്ന പല മരണങ്ങളും ആ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കണമെന്നില്ല. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അപകടമരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വില്ലന്‍ സെല്‍ഫിയാണെന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ഇങ്ങനെയൊക്കെ സ്വന്തം ഫോട്ടോ പകര്‍ത്തിയിട്ട് കിട്ടുന്നതോ സോഷ്യല്‍ മീഡിയയിലെ ഏതാനും ലൈക്കുകളും. “സൂപ്പര്‍ ബ്രോ”, “കലക്കി മോനേ” എന്ന് രണ്ട് കമന്റ് കൂടി കിട്ടിയാല്‍ ജീവിതം തന്നെ സാര്‍ഥകമായ അവസ്ഥയാണ്. ഇവിടെയാണ് യുവത്വം തങ്ങളുടെ തലച്ചോര്‍ പണയപ്പെടുത്തിയിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടത്. സോഷ്യല്‍മീഡിയ സ്വയം പത്രാധിപരും പ്രസാധകരുമാകാനുള്ള അവസരമാണ് നല്‍കിയതെങ്കില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓരോരുത്തരേയും “ഫോട്ടോഗ്രാഫര്‍” ആക്കിയിരിക്കുകയാണല്ലോ.
രാഷ്ട്രത്തലവന്മാര്‍, കായികതാരങ്ങള്‍ എന്നുവേണ്ട സമൂഹത്തില്‍ മാതൃകാപുരുഷന്മാര്‍ ആകേണ്ടവര്‍ വരെ സെല്‍ഫിക്കു പിന്നാലെയുള്ള പാച്ചിലിലാണ്. ഇതിനൊക്കെ സാക്ഷിയാകുന്ന സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയുന്നവന്‍ കുന്നിന്റെയും ബില്‍ഡിംഗിന്റെയും അതുപോലെ തന്നെ ട്രെയിനിന്റെയും മുകളില്‍ കയറി സെല്‍ഫിയെടുത്ത് സാങ്കേതിക വിദ്യക്കൊപ്പമോ അല്ലെങ്കില്‍ പ്രശസ്തര്‍ക്കൊപ്പമോ ഓടാനുള്ള ശ്രമത്തിലാണ്. ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരു സെല്‍ഫിയെങ്കിലും എടുത്ത് പോസ്റ്റ് ചെയ്തില്ലെങ്കില്‍ അതൊരു കുറച്ചിലായിട്ടാണ് സമൂഹം കരുതുന്നത് എന്നുതോന്നും സെല്‍ഫിക്കുവേണ്ടിയുള്ള കോപ്രായങ്ങള്‍ കാണുമ്പോള്‍. ഈ ശ്രമത്തില്‍ സ്വന്തം ജീവന്‍പോലും പണയംവെക്കപ്പെടുകയാണ്.
ഈ പ്രവണത വര്‍ധിക്കുകയല്ലാതെ കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇതിനെതിരെ ആവശ്യമായ ബോധവത്കരണം നടത്തുകയും ഇത്തരം സ്ഥലങ്ങളിലെ സെല്‍ഫികള്‍ നിയമംമൂലം നിയന്ത്രിക്കപ്പെടേണ്ടതുമുണ്ട്. അപകടംപിടിച്ച സ്ഥലങ്ങള്‍ കണ്ടെത്തി സെല്‍ഫി നിരോധിത മേഖലകളായി പ്രഖ്യാപിച്ച് അവിടങ്ങളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കലുമാണ് സര്‍ക്കാറുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ചെയ്യാന്‍ കഴിയുന്നത്. ഇതിനേക്കാളേറെ സ്വന്തം ജീവനേക്കാള്‍ വലുതല്ല ഈ നൈമിഷിക ആഹ്ലാദങ്ങളൊന്നും എന്ന് ഓരോരുത്തരും തിരിച്ചറിയുക തന്നെയാണ് ഇത്തരം സാമൂഹികദുരന്തങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗം.

---- facebook comment plugin here -----

Latest