Connect with us

Articles

പ്രകാശം പരത്തിയ ആണ്‍കുട്ടി

Published

|

Last Updated

സാംസ്‌കാരിക രംഗത്തെ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയായിരുന്നു അക്ബര്‍ കക്കട്ടില്‍. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ മുഴുവന്‍ വെളിച്ചത്തിന്റെ അടരുകള്‍ ഉണ്ടായിരുന്നു. അവ നന്‍മയെ വെളിച്ചത്ത് നിര്‍ത്തുന്നു. എഴുത്തിനെ ഇത്രമാത്രം ജനകീയവും സൗഹൃദപരവുമാക്കിയ ആളുകള്‍ അപൂര്‍വമാണ്. അതുകൊണ്ട് തന്നെ ഈ നഷ്ടം അപരിഹാര്യമായി നില്‍ക്കും.
എഴുതിത്തുടങ്ങിയ കാലം മുതല്‍ അക്ബറിന്റെ വായനക്കാരനായിരുന്നു ഞാന്‍. മാതൃഭൂമിയിലെ ബാലപംക്തിയില്‍ തുടങ്ങുമ്പോള്‍ തന്നെ അതിലെ സ്പാര്‍ക്ക് ശ്രദ്ധിച്ചിരുന്നു. പിന്നെ മുതിര്‍ന്ന എഴുത്തുകാരനായപ്പോള്‍ ആ കഥകള്‍ എന്റെ ഹൃദയത്തെ വിളിച്ചുണര്‍ത്തി. മനുഷ്യ സൗഹൃദങ്ങളുടെ ഭംഗിയും ഊഷ്മളതയും വൈകാരികമായ മുറുക്കവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. മലയാള വായനക്കാര്‍ അക്ബര്‍ കഥകളെ കാണുന്നത് ്യൂനര്‍മം കലര്‍ന്ന രസകരമായ കഥകളായിട്ടാണ്. അത്തരം കഥകളിലെല്ലാം കക്കട്ടില്‍ ഒരു വിദൂഷകന്റെ വേഷത്തിലായിരുന്നു. അത്തരം കഥകളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമായ ആശയങ്ങളും പ്രമേയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത കഥകളും അക്ബറിനുണ്ടായിരുന്നു.
ചിലപ്പോള്‍ കൈപൊള്ളുന്ന വിഷയങ്ങളിലേക്കും അക്ബറിന്റെ എഴുത്തുകള്‍ കടന്നുപോയി. അത്തഷത്തിലൊരു കഥയായിരുന്ന നാദാപുരം. മത- രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥ പക്ഷേ നാദാപുരത്തെ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ലോകമെങ്ങുമുള്ള വായനക്കാരെ അത് വേദനിപ്പിച്ചു.
യാത്രകളുടെ തൊഴനായിരുന്നു അക്ബര്‍. അക്ബറിനൊപ്പം ഒരുമിച്ച് സഞ്ചരിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവസാനം പോയത് സിംഗപ്പൂരില്‍ അക്കാദമിയുടെ പരിപാടിയുമായി ബന്ധപ്പെട്ടാണ്. പലപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രകളുമായി ചെല്ലുമ്പോള്‍ കൂടെയുള്ളവരെ ഞാന്‍ സ്വയം പരിചയപ്പെടുത്തും. പക്ഷേ, അക്ബറിന് അതിന്റെ ആവശ്യമില്ല. എവിടേയും അക്ബറിന് ആളുകളുണ്ടായിരുന്നു. അക്ബര്‍ ഏത് സൗഹൃദ വലയത്തിലെത്തിയാലും അത് പിന്നീട് അക്ബറിന്റെ ദര്‍ബാറായി മാറുകയായിരുന്നു.

Latest