Connect with us

Kerala

ചെലവ് ഇരട്ടി; കടം പെരുകുന്നുവെന്ന് സി എ ജി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ കടമെടുക്കുകയാണെന്നും ധനകാര്യമാനേജ്‌മെന്റ് മോശമാണെന്നും സി എ ജി റിപ്പോര്‍ട്ട്. മൊത്തം ചെലവ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്നും ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2014 ഏപ്രിലില്‍ 1,24,081 കോടിയായിരുന്ന സാമ്പത്തിക ബാധ്യത 2015 മാര്‍ച്ച് അവസാനമായപ്പോഴേക്കും 1,41,947 കോടിയായി വര്‍ധിച്ചു. കടമെടുത്തതിന്റെ കാലാവധി പൂര്‍ത്തിയാക്കല്‍ രൂപരേഖ അനുസരിച്ച് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 42,362.01 (44.1 ശതമാനം) കോടി രൂപ കേരളം തിരിച്ചടക്കണമെന്നും റിപ്പോ ര്‍ട്ടിലുണ്ട്. റവന്യൂ കമ്മി ക്രമാനുഗതമായി ഇല്ലാതാക്കുക, സാമ്പത്തിക സുസ്ഥിരതക്ക് അനുരൂപമായ വിധം കടം സ്ഥായിയായി പരിപാലിക്കുക തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായാണ് 2011ല്‍ സാമ്പത്തിക ഉത്തരവാദിത്വ (ഭേദഗതി) നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷവും നിയമത്തില്‍ വിഭാവനം ചെയ്ത റവന്യൂ- സാമ്പത്തിക കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാറിനായില്ല. സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യതകള്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 29.8 ശതമാനം വര്‍ധിച്ചു. സം സ്ഥാന കടമിതര വരുമാനം അപര്യാപ്തമായതിനാല്‍ കടമെടുത്തതിന്റെ കുറച്ച് ഭാഗം റവന്യൂകമ്മി കുറക്കുന്നതിനായി വിനിയോഗിച്ചു.
2014-15ല്‍ പൊതുകടത്തിന്റെ കീഴില്‍ ആകെ കടമെടുത്ത ഫണ്ട് 18,509 കോടി (പൊതുവിപണി വായ്പയായ 13,200 കോടി ഉള്‍പ്പടെ) ആയിരുന്നു. പലിശക്കും മുതല്‍ തിരിച്ചുനല്‍കുന്നതിനും ഉപയോഗിച്ച ശേഷം സര്‍ക്കാറിന് ബാക്കിയുണ്ടായിരുന്നത് 5,365 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന്റെ അഞ്ച് വര്‍ഷക്കാലയളവിലെ മൊത്തം ചെലവില്‍ റവന്യൂ ചെലവിന്റെ വിഹിതം 90 ശതമാനത്തില്‍ കൂടുകയും 2014-15 കാലയളവില്‍ ഇത് 93.5 ശതമാനമെന്ന ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.
റവന്യൂ ചെലവിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ ശമ്പളം, പെന്‍ഷന്‍, പലിശയൊടുക്കല്‍ എന്നിവക്കായി ചെലവഴിച്ചു. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പിനെ തുടര്‍ന്നാണ് പലിശബാധ്യത കൂടിയത്. 2015 മാര്‍ച്ച് 31 വരെ കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, കൂട്ടുടമ കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സംസ്ഥാന സര്‍ക്കാര്‍ 6,085.13 കോടിയുടെ മുതല്‍മുടക്ക് നടത്തി. എന്നാ ല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വരുമാനമാകട്ടെ 1.5 ശതമാനം മാത്രമാണ്. സര്‍ക്കാറെടുത്ത ഈ കടത്തിന് 7.1 മുതല്‍ 7.3 ശതമാനം വരെ പലിശയാണ് ഒടുക്കേണ്ടിവന്നത്. 12,332 കോടിയുടെ വായ്പയില്‍ നടപ്പുവര്‍ഷം 151 കോടി മാത്രമാണ് തിരിച്ചടച്ചത്. ഇതില്‍ 125 കോടി മുതലും 27 കോടി പലിശയുമാണ്. സംസ്ഥാനത്തിന്റെ മൊത്തം വരവ് 79,306 കോടിയായിരുന്നു. ഇതില്‍ പ്രധാന വിഹിതം 57,950 കോടിയുടെ റവന്യൂ വരുമാനവും ബാക്കി 35,232 കോടി തനത് നികുതി വരുമാനവുമാണ്. റവന്യൂ വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ തനത് നികുതിയുടെ വളര്‍ച്ച 10 ശതമാനം മാത്രമാണ്. വില്‍പ്പന, വ്യാപാരം എന്നിവയിലെ നികുതിയായിരുന്നു സംസ്ഥാനത്തിന്റെ പ്രധാന നികുതി വരുമാനം.
എന്നാല്‍, 2013-14, 2014-15 വര്‍ഷങ്ങളില്‍ ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് എക്‌സൈസില്‍നിന്നുള്ള വരുമാനം കുറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള 5,445 കോടിയുടെ നികുതിയേതര വരുമാനമായിരുന്നു മറ്റൊരു പ്രധാന സ്രോതസ്സ്. പക്ഷേ, സമ്മാനം, കമ്മീഷന്‍ എന്നിവ നല്‍കുന്നതിലുള്ള ഉയര്‍ന്ന ചെലവ് കാരണം അറ്റാദായം 960 കോടി മാത്രമാണ് ലഭിച്ചത്.

Latest