Connect with us

National

രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി

Published

|

Last Updated

അലഹബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അലഹാബാദ് ജില്ലാ കോടതിയില്‍ ഹരജി. ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് രാഹുല്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകനായ സുശീല്‍ കുമാര്‍ മിശ്ര ഹരജി ഫയല്‍ ചെയ്തത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി. സെക്ഷന്‍ 124, 124എ, 500, 511 എന്നിവ പ്രകാരം രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്നാണ് ഹരജിയില്‍ പറയുന്നത്. രാജ്യദ്രോഹം ആരോപിക്കപ്പെട്ട ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് വഴി രാഹുലും രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ഹരജിയിലെ കണ്ടെത്തല്‍.കോടതി വളപ്പില്‍ പോലും മാധ്യമ പ്രവര്‍ത്തകരും ജനാധിപത്യ പ്രക്ഷോഭകരും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണെന്നും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആര്‍ എസ് എസ് അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ തുറന്നടിച്ചിരുന്നു. ഒരു സര്‍വകലാശാലയുടെ ശബ്ദമൊന്നാകെ അടിച്ചമര്‍ത്തുന്നവരാണ് യഥാര്‍ഥ ദേശവിരുദ്ധര്‍. അടിച്ചമര്‍ത്തുന്നതിനനുസരിച്ച് ധീരമായ അഭിപ്രായങ്ങള്‍ ശക്തിയാര്‍ജിക്കുകയേ ഉള്ളൂവെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Latest