Connect with us

National

സുപ്രീം കോടതിയില്‍ അഭിഭാഷകന്റെ വന്ദേമാതരം വിളിയും മുദ്രാവാക്യവും

Published

|

Last Updated

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ നീക്കം നടത്തി. പട്യാല ഹൗസ് കോടതിയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോടതിക്കുള്ളില്‍ അഭിഭാഷകന്‍ വന്ദേമാതരം വിളിച്ചു. ഒപ്പം പട്യാലഹൗസ് കോടതിയില്‍ നടന്ന അഭിഭാഷകരുടെ തേര്‍വാഴ്ച സുപ്രീംകോടതിയെ അറിയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയും മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിഭാഷകനെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പിന്നീട് നിരുപാധികം മാപ്പു പറഞ്ഞതിന് ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു. ജസ്റ്റിസ് ജെ ചലമേശ്വറിന്റെ ബഞ്ചിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവം ഗൗരവകരമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയാണ് മുദ്രാവാക്യം വിളിച്ചത്.
പ്രശാന്ത് ഭൂഷണ്‍ ഭീകരര്‍ക്കു വേണ്ടിയാണ് ഹാജരാകുന്നതെന്ന് പറഞ്ഞ് ബഹളം വെച്ച രാജീവ് യാദവ് എന്ന അഭിഭാഷകന്‍ തന്നെയാണ് പിന്നീട് വന്ദേമാതരം വിളിച്ചത്. എന്നാല്‍ “ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുന്നില്ലേ, എന്തിനാണ് ഈ രീതിയില്‍ പെരുമാറിയത്. പരമോന്നത കോടതിയില്‍ ഇതാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെന്ത് പറയാനാണ്, ജനങ്ങള്‍ കോടതിയോട് വലിയ വിശ്വാസമാണ് അര്‍പ്പിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് താങ്കള്‍ പണിയെടുക്കേണ്ട”തെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അടങ്ങുന്ന ബഞ്ച് രാജീവ് യാദവിനെ ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജെ എന്‍ യു വിവാദത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത കന്‍ഹയ്യ കുമാറിനെ ഹാജരാക്കുമ്പോള്‍ സുരക്ഷ ശക്തമാക്കണമെന്ന് നിരീക്ഷിച്ച കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കോടതിക്കുള്ളില്‍ കയറാന്‍ അനുമതി നല്‍കിയത്.