Connect with us

Kerala

നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്‍തൂക്കമെന്ന് ഏഷ്യനെറ്റ് ന്യൂസ് സര്‍വേ

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന് ഏഷ്യനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ ഫലം. മലബാറിലും മധ്യകേരളത്തിലും തിരുവിതാംകൂറിലും എല്‍ ഡി എഫിനാണ് മുന്‍തൂക്കം. ഭരണ തുടര്‍ച്ചയുണ്ടാകില്ല. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 77 മുതല്‍ 82 സീറ്റ് വരെ എല്‍ ഡി എഫിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം. 55 മുതല്‍ 60 സീറ്റ് വരെ യു ഡി എഫിന് ലഭിക്കുമെന്നും മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടി ബി ജെ പി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

41 ശതമാനം വോട്ട് വിഹിതമാണ് എല്‍ ഡി എഫിന് പ്രവചിക്കുന്നത്. യു ഡി എഫിന് 37 ശതമാനം വോട്ടും ബി ജെ പിക്ക് പതിനെട്ട് ശതമാനവും വോട്ട് വിഹിതം ലഭിക്കുമെന്നാണ് സര്‍വേ ഫലം. ഫെബ്രുവരി ഒന്ന് മുതല്‍ 12 വരെയുള്ള സമയപരിധിയിലാണ് സര്‍വേ നടത്തിയത്.
സോളാര്‍, ബാര്‍കോഴ, ആഭ്യന്തരപ്രശ്‌നങ്ങള്‍ തുടങ്ങിയവ യു ഡി എഫിന് തിരിച്ചടിയാകുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസ് അച്യുതാനന്ദനാണ് ഏറ്റവും കൂടുതല്‍ പിന്തുണ. യു ഡി എഫില്‍ നേതൃമാറ്റം ഉചിതമാകുമെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെടുന്നു. ദളിതരില്‍ 26 ശതമാനം യു ഡി എഫിനും 63 ശതമാനം എല്‍ ഡി എഫിനും ഒന്‍പത് ശതമാനം ബിജെ പിക്കും രണ്ട് ശതമാനം മറ്റുള്ളവര്‍ക്കും വോട്ടു ചെയ്യും. ഈഴവരില്‍ 15 ശതമാനം യു ഡി എഫിനും 51 ശതമാനം എല്‍ ഡി എഫിനും 28 ശതമാനം ബി ജെ പിക്കും ആറ് ശതമാനം മറ്റുള്ളവര്‍ക്കും വോട്ടു ചെയ്യും. മുസ്‌ലിംകളില്‍ 50 ശതമാനം യു ഡി എഫിനും 43 ശതമാനം എല്‍ ഡി എഫിനും ഏഴ് ശതമാനം മറ്റുള്ളവര്‍ക്കും വോട്ടു ചെയ്യും. ഒരു ശതമാനം പോലും ബി ജെ പിക്ക് വോട്ടു ചെയ്യില്ല. ക്രിസ്ത്യാനികളില്‍ 66 ശതമാനം യു ഡി എഫിനും 30 ശതമാനം എല്‍ ഡി എഫിനും രണ്ട് ശതമാനം ബി ജെ പിക്കും രണ്ട് ശതമാനം മറ്റുള്ളവര്‍ക്കും വോട്ടുചെയ്യും.
നായന്മാരില്‍ 27 ശതമാനം യു ഡി എഫിനും 41 ശതമാനം എല്‍ ഡി എഫിനും 29 ശതമാനം ബി ജെ പിക്കും മൂന്ന് ശതമാനം മറ്റുള്ളവര്‍ക്കും വോട്ടുചെയ്യും. ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതിയാണെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

---- facebook comment plugin here -----

Latest