Connect with us

Kerala

വിദേശ ഭാഷാ സര്‍വകലാശാലക്ക് മന്ത്രിസഭാ അനുമതി

Published

|

Last Updated

തിരുവനന്തപുരം: നിര്‍ദിഷ്ട അറബിക് സര്‍വകലാശാലക്ക് പേരുമാറ്റം. വിദേശ ഭാഷാ സര്‍വകലാശാലയെന്ന് പുനര്‍നാമകരണം ചെയ്ത സര്‍വകലാശാലക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.

മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാറിനെ സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ആറ് ആഴ്ച്ചക്കകം പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം കെ ജയകുമാറിനെ ചുമതലപ്പെടുത്തി.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ ശിപാര്‍ശയോടെ എത്തിയ ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒപ്പു വെച്ചിരുന്നു. പാലക്കാട് അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന യു ഡി എഫ് സര്‍ക്കാറിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം ഇതു വരെ യാഥാര്‍ഥ്യമാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 22 ഭാഷകളില്‍ അറബിയില്ലെന്നും അതിനാല്‍ വിദേശ ഭാഷാ പഠനത്തിന് വിദേശഭാഷയുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്ര വിദേശകാര്യ മാനവശേഷി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇപ്പോള്‍ അറബിക് സര്‍വകലാശാലക്ക് പകരം വിദേശ ഭാഷാ സര്‍വകലാശാലയെന്ന പേരുമാറ്റാന്‍ കാരണം. പുതിയ സര്‍വകലാശാല സംസ്ഥാനത്തിന് 96 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് ധനകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നതും വാര്‍ത്തയായാരുന്നു.

Latest