Connect with us

Gulf

'ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം ഇന്ത്യ-യു എ ഇ ബന്ധത്തില്‍ നാഴികക്കല്ല്'

Published

|

Last Updated

TP SEETHARAM

ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം അബുദാബിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുന്നു. നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമീപം

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ നാഴികക്കല്ലാണെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം.

ഇന്ത്യയും യു എ ഇയും തമ്മില്‍ നിര്‍ണായകമായ ഒമ്പത് കരാറിലാണ് ഒപ്പുവെച്ചത്. കൂടാതെ പെട്രോളിയം സംഭരണമുള്‍പെടെയുള്ള കരാറില്‍ അടുത്ത ദിവസം ഒപ്പുവെക്കും. കരാര്‍ യാഥാര്‍ഥ്യമായാല്‍ കര്‍ണാടകയിലാണ് യു എ ഇ പെട്രോളിയം സംഭരിക്കുക. 16 മേഖലകളിലുള്ള സഹകരണ കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്. ബാക്കിയുള്ള കരാറുകളില്‍ വരും നാളുകളില്‍ ഒപ്പുവെക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയായി-അദ്ദേഹം പറഞ്ഞു.

വ്യോമയാന രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച ഈ വര്‍ഷം ആദ്യപാദത്തില്‍ നടക്കും. ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഐ എസ് ആര്‍ ഒയുമായി സാങ്കേതിക സഹായ സഹകരണം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും അടുത്ത ദിവസങ്ങളില്‍ നടക്കും. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് റെയില്‍വെ, പ്രതിരോധം, ഇന്‍ഷ്വര്‍ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര ധാരണയായതായി അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ചെറിയ കാലയളവില്‍ രണ്ട് രാജ്യത്തെ തലവന്മാര്‍ പരസ്പരം സന്ദര്‍ശിച്ച് നിര്‍ണായക കരാറുകളില്‍ ഒപ്പിടുന്നത്. ആറു മാസത്തിനുള്ളിലാണിത്. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്ത്യയും ഇന്‍ഷ്വറന്‍സ് അതോറിറ്റി യു എ ഇയും തമ്മില്‍ പരസ്പരം സഹകരണത്തിന് ധാരണയായി.

യു എ ഇയും ഇന്ത്യയും തമ്മില്‍ സാംസ്‌കാരിക സഹകരണം വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ ഇന്ത്യ പരിപാടിയിലേക്ക് യു എ ഇയില്‍ നിന്നും നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി. സ്ഥാനപതി കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍ക്കും ധാരണയായതായും ടി പി സീതാറാം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നിദാ ഭൂഷണ്‍, ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, സെക്കന്റ് സെക്രട്ടറി ജഗ് ജിത്ത് സിംഗ്, സെക്കന്റ് സെക്രട്ടറി കപില്‍രാജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി