Connect with us

Gulf

ഉരീദു പോസ്റ്റ് പെയ്ഡില്‍ ഐ എസ് ഡി നിരക്കുയര്‍ത്തുന്നു

Published

|

Last Updated

ദോഹ: ഉരീദു പോസ്റ്റ് പെയ്ഡ് (ശഹ്‌രി) വരിക്കാരുടെ രാജ്യാന്തര വിളികള്‍ക്ക് അടുത്ത മാസം മുതല്‍ നിരക്കുയരുന്നു. മാര്‍ച്ച് 15 മുതല്‍ അമ്പതു ശതമാനം വരെ നിരക്കുയരുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തു നിന്നും 150 വിദേശ രാജ്യങ്ങളിലേക്കുള്ള വിളികള്‍ക്കാണ് നിരക്കുയരുന്നത്. മിനിറ്റിന് 99 ദിര്‍ഹമായാണ് നിരക്കുയരുന്നത്.
നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മിനിറ്റിന് 66 ദിര്‍ഹമാണ് നിരക്ക്. ഈ നിരക്കാണ് മിനിറ്റിന് 99 ദിര്‍ഹമായി ഉയരുന്നത്. ഉരീദുവിന്റെ വെബ്‌സൈറ്റിലാണ് പുതിയ നിരക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അള്‍ജീരിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് നിരക്കു വര്‍ധന വരുന്നില്ല. വോഡഫോണ്‍ നേരത്തേ തന്നെ 120 രാജ്യങ്ങളിലേക്ക് മിനിറ്റിന് 99 ദിര്‍ഹം ഈടാക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഉരീദുവിലെ നിരക്കിളവ് വരിക്കാരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം നാട്ടിലേക്കു വിളിക്കാന്‍ സൗജന്യ നിരക്കില്‍ സൗകര്യം ഏര്‍പ്പെടുത്തിയതിനു തൊട്ടു പിറകേയാണ് ഉരീദു രാജ്യാന്തര നിരക്കുയര്‍ത്തുന്നത്. 10 റിയാലിന് ഇന്ത്യയിലേക്ക് 600 മിനിറ്റ് വിളി സൗകര്യമാണ് ഉരീദു അനുവദിച്ചത്. ഈ സൗകര്യം ഒരു രാജ്യത്തേക്കു മാത്രമേ ലഭിക്കുകയുള്ളൂ എന്നു മാത്രം. രാജ്യാന്തര നിരക്കുകള്‍ കുറച്ചു കൊണ്ടുള്ള പായ്‌ക്കേജുകളെ പുതിയ നിരക്കു വര്‍ധന ബാധിക്കില്ല.
രാജ്യാന്തര തലത്തില്‍ ടെലികോം ഓപറേഷന്‍ ചെലവു വര്‍ധിച്ചതാണ് നിരക്കുയര്‍ത്താന്‍ കാരണമെന്ന് ഉരീദു അധികൃതര്‍ വ്യക്തമാക്കി. ഇതര രാജ്യങ്ങളിലെ ടെലികോം കമ്പനികളുമായി സഹകരിച്ചു നടപ്പിലാക്കുന്ന സേവനമായതിനാല്‍ നിരക്കു വര്‍ധന സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കമ്പനി പറയുന്നു. അതേസമയം, സൗജന്യമായി വിളിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ വ്യാപകമായ കാലത്ത് നിരക്കു വര്‍ധന കൊണ്ടു വരുന്നത് കൂടുതല്‍ പേരെ ആപ്പ് ഉപയോഗത്തിലേക്കു തിരിക്കുമെന്നാണ് കരുതുന്നത്. ഇതര ഗള്‍ഫ് നാടുകളില്‍ വാട്‌സ് ആപ്പ്, ഐ എം ഒ പോലുള്ള ആപ്പുകള്‍ക്ക് പ്രവര്‍ത്തന നിരോധമുണ്ടെങ്കിലും ഖത്വറില്‍ വിലക്കില്ല.