Connect with us

Kerala

സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യതയും സ്വീകാര്യതയും മുന്‍നിര്‍ത്തിയെന്ന് കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫ് അനുകൂല അന്തരീക്ഷമെന്നു കെ പി സി സി വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്യാന്‍ ജനരക്ഷായാത്രക്ക് കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഇതു മുന്നോട്ടു കൊണ്ടുപോകും. ജയസാധ്യതയും, ജനസ്വീകാര്യതയുമാകും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡമെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അഴിമതി ആരോപണം നേരിടുന്നവരെ വീണ്ടും മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിന് ജനസ്വീകാര്യതയും ജയസാധ്യതയും എന്നു പറയുന്നതില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി തയാറാണ്. സിറ്റിംഗ് എം എല്‍ എമാര്‍ വീണ്ടും മത്സരിക്കുമോയെന്നു പറയാനാകില്ല.
അനിവാര്യരായ ആളുകള്‍ സ്ഥാനാര്‍ഥികളായി വരണം. നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന അവരോടൊപ്പം പുതിയ ആളുകള്‍ക്കും പരിഗണന നല്‍കും. താന്‍ മത്സരിക്കുമോയെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതു വേണ്ട സമയത്ത് പാര്‍ട്ടി ഒരുമിച്ചു തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണമെന്ന അഭിപ്രായം നേതൃയോഗത്തില്‍ ഉയര്‍ന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല.
22ന് ഹൈക്കമാന്‍ഡുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ആ ചര്‍ച്ചയില്‍ ഉയരുന്ന അഭിപ്രായങ്ങളും നേതൃയോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളും പരിഗണിച്ചാകും പൊതുരൂപരേഖ ഉണ്ടാക്കുകയെന്നും സുധീരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കും. അതുകഴിഞ്ഞ് ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും നടത്തും. അവസാനനിമിഷത്തേക്കു നീണ്ടുപോകാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ശ്രമം. ബുത്ത്തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 21ന് എല്ലാ ബൂത്ത് കമ്മിറ്റികളും വിളിച്ചു ചേര്‍ക്കാന്‍ ഡി സി സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യു ഡി എഫിന്റെ മദ്യനയത്തിന് ലഭിച്ച ആവര്‍ത്തിച്ചുള്ള അംഗീകാരമാണ് ബാര്‍ ഉടമകളുടെ റിവ്യൂഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി. സിപിഎമ്മിന്റെയും ബാര്‍ ഉടമകളുടെയും ഗൂഢാലോചന ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.