Connect with us

National

കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക നിര്‍ബന്ധം

Published

|

Last Updated

ന്യൂഡല്‍ഹി: എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും നിര്‍ബന്ധമായും ദേശീയപതാക ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും 207 അടി ഉയരത്തില്‍ നിര്‍ബന്ധമായും ദേശീയപതാക പാറണമെന്ന് എച്ച് ആര്‍ ഡി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ജെ എന്‍ യുവിലായിരിക്കും തീരുമാനം ആദ്യം നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ദേശീയപതാക ഉയര്‍ത്തിയിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ചില വൈസ് ചാന്‍സലര്‍മാര്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് വി സിമാരുടെ യോഗം വിളിച്ചത്.