Connect with us

Sports

മെസിക്ക് 300

Published

|

Last Updated

മാഡ്രിഡ്: ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ മുന്നൂറ് ഗോളുകള്‍ ! ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി മെസി. സ്‌പോര്‍ട്ടിംഗ് ഗിജോണിനെതിരെ ഇരുപത്തഞ്ചാം മിനുട്ടില്‍ ബാഴ്‌സക്ക് ലീഡ് ഗോള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു മെസി സ്‌പെയ്‌നിലെ ഗോളടിയില്‍ ട്രിപ്പിള്‍ തികച്ച് ചരിത്രപുരുഷനായത്. മത്സരം 3-1ന് ബാഴ്‌സ ജയിച്ചു. 24 മത്സരങ്ങളില്‍ 60 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി ആറ് പോയിന്റകലത്തില്‍ ആധിപത്യം തുടരുന്നു. 53 പോയിന്റുള്ള റയല്‍മാഡ്രിഡ് മൂന്നാം സ്ഥാനത്ത്.

ഡിസംബറില്‍ ബാഴ്‌സലോണക്ക് ഫിഫ ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ മാറ്റിവെച്ച ലാ ലിഗ മത്സരമായിരുന്നു ഇത്. കഴിഞ്ഞാഴ്ച 6-1ന് സെല്‍റ്റവിഗോയെ തകര്‍ത്തുവിട്ട ബാഴ്‌സ ടീമില്‍ കോച്ച് ലൂയിസ് എന്റിക്വെ അഞ്ച് മാറ്റങ്ങള്‍ വരുത്തി. എന്നാല്‍, മുന്‍നിരയിലെ മെസി-സുവാരസ്-നെയ്മര്‍ (എം എസ് എന്‍) സൂപ്പര്‍ ത്രയങ്ങളെ നിലനിര്‍ത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്‌സലോണ എതിര്‍ ഹാഫില്‍ പലയിടങ്ങളിലൂടെ ആക്രമണം അഴിച്ചുവിട്ടു. ആദ്യ അവസരം സുവാരസിനാണ് ലഭിച്ചത്. നെയ്മറിന്റെ പാസിലായിരുന്നു ഇത്. പക്ഷേ, ഉറുഗ്വെന്‍ സ്‌ട്രൈക്കറുടെ ഷോട്ട് ഗിജോണ്‍ ഗോളി ഇവാന്‍ കുള്ളറുടെ കൈകളിലേക്കായിരുന്നു.
തുടര്‍ന്ന് മെസിയും നെയ്മറും ഗോള്‍ അന്വേഷിച്ചപ്പോഴും കുള്ളര്‍ തന്റെ മാസ്മരികത പ്രദര്‍ശിപ്പിച്ച് ബാഴ്‌സയെ നിരാശപ്പെടുത്തി. എന്നാല്‍, ഇരുപത്തഞ്ചാം മിനുട്ടില്‍ മെസി സ്വതസിദ്ധ ശൈലിയില്‍ വലത് കാലില്‍ സ്വീകരിച്ച് ഇടത് കാലിലേക്ക് പകര്‍ന്ന് നല്‍കിയ പന്തും, ഓട്ടത്തിനിടെ തൊടുത്ത ഷോട്ടും ഗിജോണ്‍ ഗോളിയെ കീഴടക്കി.
പ്രതിരോധനിരക്കാരുടെ മറവിലൂടെയായിരുന്നു മെസി ഈ ഷോട്ട് തൊടുത്തത്. അതുകൊണ്ടു തന്നെ മികച്ച ഫോമിലായിരുന്ന കുള്ളര്‍ ഇവിടെ കബളിപ്പിക്കപ്പെട്ടു. രണ്ട് മിനുട്ടിനുള്ളില്‍ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ഗിജോണ്‍ സമനില പിടിച്ചു (1-1). നാല് പേര്‍ മാത്രം നടത്തിയ അതിവേഗ നീക്കമായിരുന്നു ഗോളില്‍ കലാശിച്ചത്.
അറ്റാക്ക് ചെയ്ത് വലത് വിംഗിലൂടെ കയറിയ ബാഴ്‌സ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ ഡി സര്‍ക്കിളിനുള്ളിലേക്ക് നല്‍കിയ പാസ് പിഴച്ചിടത്താണ് ഗിജോണിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് ആരംഭിക്കുന്നത്. ജെറാര്‍ഡിന് ഡിഫന്‍സിലേക്കിറങ്ങാനാകും മുമ്പെ പാബ്ലോ പെരെസും മെനെന്‍ഡെസും കാസ്‌ട്രോയുമൊക്കെ ബാഴ്‌സ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി. അവസാന ടച് കാസ്‌ട്രോയുടെതായിരുന്നു.
മുപ്പത്തൊന്നാം മിനുട്ടില്‍ മെസിയുടെ രണ്ടാം ഗോളില്‍ ബാഴ്‌സ വീണ്ടും ഓവര്‍ടേക്ക് ചെയ്തു (2-1). ഇത്തവണ, ഗോളിന്റെ പകുതി ക്രെഡിറ്റ് ലൂയിസ് സുവാരസിനുണ്ട്. പുറത്തേക്ക് പോകുമെന്ന് കരുതിയ പന്ത് സുവാരസ് തന്റെ നേരെ പിറകില്‍ മെസി ഓടിയെത്തുമെന്ന് മുന്‍കൂട്ടിയറിഞ്ഞ് പാസ് നല്‍കി. അത് പിഴച്ചില്ല. മെസി കുതിച്ചെത്തി ഇടത് കാലില്‍ നിന്ന് ബുള്ളറ്റ് തൊടുത്തു, ഗോള്‍.
രണ്ടാം പകുതിയില്‍ നെയ്മറിനെ വീഴ്ത്തിയതിന് ബാഴ്‌സക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും സുവാരസിന്റെ കിക്ക് ഗോളി കുള്ളര്‍ വലത്തോട്ട് ചാടി കൂളായി തടുത്തു. സീസണില്‍ ബാഴ്‌സലോണക്ക് പതിനാറ് പെനാല്‍റ്റികള്‍ ലഭിച്ചെങ്കിലും എട്ടും പാഴായി.
എന്നാല്‍, ഈ നിരാശയില്‍ നിന്ന് സുവാരസ് ഗംഭീരമായി തിരിച്ചുവന്നു തന്റെ പ്രതിഭാസ്പര്‍ശമുള്ള ഗോളിലൂടെ. ബോക്‌സിനുള്ളില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഇടത് കാല്‍ കൊണ്ട് തൊടുത്ത മഴവില്‍ കിക്ക് പോസ്റ്റിലുരുമ്മി വലയില്‍ കയറി. കുള്ളര്‍ ഇത്തവണ കാഴ്ചക്കാരനായി.
സീസണില്‍ സുവാരസിന്റെ നാല്‍പതാം ഗോളായിരുന്നു ഇത്.